വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി. നിലവിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും എന്നാൽ അമിത ആത്മവിശ്വാസമില്ലാതെ ചിട്ടയായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അവർ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേരളത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി.
സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള സ്ക്രീനിങ് കമ്മിറ്റി യോഗം നാളെ ചേരും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. വിജയസാധ്യത മാത്രമായിരിക്കും ഇത്തവണ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പ്രധാന മാനദണ്ഡമെന്ന് ദീപ ദാസ് മുൻഷി ആവർത്തിച്ചു വ്യക്തമാക്കി.
















