തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും തമിഴ്‌നാട്ടിലേക്ക് എത്തുന്നു. ഈ മാസം 28-ന് മധുരയിൽ വെച്ച് നടക്കുന്ന വിപുലമായ പൊതുയോഗത്തിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൻ.ഡി.എ സഖ്യത്തിന്റെ കരുത്ത് വിളിച്ചോതുന്ന ചടങ്ങായിരിക്കും ഇത്.
തിരുപ്പരൻകുന്ത്രം കുന്നിലെ ദീപം തെളിക്കലുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്ക് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ മധുര സന്ദർശനം എന്ന പ്രത്യേകതയും ഇതിനുണ്ട്. ഹിന്ദു വിശ്വാസികളുമായി ബന്ധപ്പെട്ട ഈ വിഷയത്തിൽ ഭരണകക്ഷിയായ ഡി.എം.കെ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന റാലിയിൽ മോദി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ മധുരയിലെ അദ്ദേഹത്തിന്റെ പ്രസംഗം രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ ഉറ്റുനോക്കുന്നുണ്ട്.
കഴിഞ്ഞ മാസം മധുരയിൽ റാലി നടത്താനായിരുന്നു ബി.ജെ.പി ലക്ഷ്യമിട്ടിരുന്നതെങ്കിലും സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ (AIADMK) ഇതിനെ എതിർത്തത് തിരിച്ചടിയായിരുന്നു. സുരക്ഷാ കാരണങ്ങളും രാഷ്ട്രീയ താൽപ്പര്യങ്ങളും മുൻനിർത്തിയായിരുന്നു അന്നത്തെ എതിർപ്പ്. തുടർന്ന് റാലി ചെന്നൈയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇത്തവണ എ.ഐ.എ.ഡി.എം.കെ ഉൾപ്പെടെയുള്ള സഖ്യകക്ഷികളെ ഒപ്പം നിർത്തി മധുരയിൽ തന്നെ കരുത്ത് തെളിയിക്കാനാണ് ബി.ജെ.പി തീരുമാനം.
















