”അമ്മ” – ലോകത്തിലെ ഏറ്റവും മനോഹരമായ പദം. മക്കൾക്ക് വേണ്ടി സ്വന്തം ആയുസ്സും ആരോഗ്യവും ഹോമിക്കുന്ന, സ്നേഹത്തിന്റെ തണൽമരമായി മാറുന്ന ലക്ഷക്കണക്കിന് അമ്മമാർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, ആ പവിത്രമായ വാക്കിന്റെ അർത്ഥം പോലും അറിയാത്ത, സ്വന്തം സ്വാർത്ഥതയ്ക്കായി നൊന്തു പ്രസവിച്ച മക്കളെ നിഷ്കരുണം ഇല്ലാതാക്കുന്ന ചില ക്രൂരരൂപങ്ങളും ഇന്ന് നമ്മുടെ ഇടയിലുണ്ട്. മാതൃത്വം എന്ന പുണ്യത്തെപ്പോലും ഭയപ്പെടുത്തുന്ന വാർത്തകൾ ഇന്ന് നിത്യസംഭവമായി മാറുകയാണ്.
അത്തരത്തിൽ പശ്ചിമ ബംഗാളിൽ നടന്ന ഒരു കൊലപാതകവാർത്ത കേട്ട് വിറങ്ങലിച്ചു നിൽക്കുകയാണ് ലോകം. തന്റെ വഴിവിട്ട ബന്ധത്തിന് തടസ്സമാകുമെന്ന് കണ്ടപ്പോൾ, ഒരമ്മ എത്രത്തോളം ക്രൂരയാകാം എന്നതിന്റെ ഭീകരമായ ഉദാഹരണമായിരുന്നു ആ സംഭവം. മാതൃത്വത്തിന്റെ എല്ലാ വിലയും കളഞ്ഞുകൊണ്ട്, സ്വന്തം ചോരയിൽ പിറന്ന മകനെ ആ അമ്മ കൊന്നുതള്ളിയ കഥ ഇങ്ങനെ…
2020 ഫെബ്രുവരി 20, ചൊവ്വാഴ്ച. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലുള്ള കൊന്നഗർ നഗരം. അവിടെ താമസിച്ചു വരുന്ന ഒരു എട്ടു വയസ്സുകാരനായ ശ്രേയാൻഷു ശർമ്മ പതിവുപോലെ രാവിലെ ഏഴരയ്ക്ക് സ്കൂളിലേക്ക് പോയി. ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ തിരിച്ചെത്തിയ അവൻ അമ്മ ശാന്ത ശർമ്മ വിളമ്പിക്കൊടുത്ത ഭക്ഷണം കഴിച്ച്, മുറിയിൽ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, വൈകുന്നേരം നാലു മണിയോടെ അവന്റെ കസിൻ മുറിയിൽ വന്നപ്പോൾ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു.
ചോരയിൽ കുളിച്ചു കിടക്കുന്ന ശ്രേയാൻഷു!
അവന്റെ കൈത്തണ്ടയിലെ ഞരമ്പുകൾ മുറിക്കപ്പെട്ടിരുന്നു, തലയ്ക്ക് മാരകമായ പരിക്കേറ്റിരുന്നു. അരികിൽ രക്തം പുരണ്ട ഒരു കത്തിയും കിടപ്പുണ്ടായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ വീട്ടിൽ നിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്നും, ആരും ബലമായി അകത്തുകയറിയ ലക്ഷണങ്ങളില്ലെന്നും പോലീസ് കണ്ടെത്തി. അപ്പോൾ പോലീസിനും നാട്ടുകാർക്കും ചോദ്യം ഒന്നേ ഉണ്ടായിരുന്നുള്ളൂ: ഈ എട്ടു വയസ്സുകാരനോട് ആർക്കാണ് ഇത്രയും പക? എന്തിനായിരിക്കും ഒരാൾ ഒരു പിഞ്ചു കുഞ്ഞിനോട് ഇങ്ങനെ ചെയ്തത്?
അന്വേഷണം ഊർജിതമായി നടന്നു.അന്വേഷണത്തിനിടയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ഒരു സ്ത്രീയെ അവിടെ സംശയാസ്പദമായ സാഹചര്യത്തിൽ കാണാൻ കഴിഞ്ഞു.
ശാന്തയുടെ സുഹൃത്തായ ഇസ്രത്ത് പർവീൺ ആയിരുന്നു അത്. ശ്രേയാൻഷുവിന്റെ അമ്മയുടെ സുഹൃത്ത് ആയിരുന്നു അത്. ഇസ്രത്തിന് ശാന്ത ആദ്യം തിരിച്ചറിഞ്ഞില്ലെന്ന് നടിച്ചെങ്കിലും, ഭർത്താവ് പങ്കജ് ശർമ്മ അവരെ തിരിച്ചറിഞ്ഞു.
തുടർന്നുള്ള അന്വേഷണം പോലീസിനെ എത്തിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളിലേക്കായിരുന്നു.
ശാന്തയുടെയും ഇസ്രത്തിന്റെയും ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ അവർ തമ്മിൽ മണിക്കൂറുകളോളം, അർദ്ധരാത്രിയിൽ പോലും സംസാരിക്കാറുണ്ടെന്ന് മനസ്സിലായി. അവരുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ പരിശോധിച്ചതോടെ ആ രഹസ്യം പുറത്തുവന്നു: ശാന്തയും ഇസ്രത്തും തമ്മിൽ അവിഹിതമായ പ്രണയബന്ധത്തിലായിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ ശാന്ത തകർന്നുപോയി. അവൾക്ക് അതികം നേരം കള്ളം പറഞ്ഞു പിടിച്ചു നിൽക്കാൻ സാധിച്ചില്ല.ഒടുവിൽ ആ സത്യം വെളിപ്പെടുത്തി.
സംഭവദിവസം സ്കൂളിൽ നിന്ന് നേരത്തെ എത്തിയ ശ്രേയാൻഷു, തന്റെ അമ്മയും ഇസ്രത്തും തമ്മിലുള്ള ഒത്തുചേരൽ നേരിൽ കാണാനിടയായി. നാലാം ക്ലാസ്സുകാരനായ അവൻ ഇത് പുറത്തുപറയുമോ എന്ന ഭയം ആ അമ്മയെ ഒരു കൊലയാളിയാക്കി. ഇസ്രത്തുമായി ചേർന്ന് അവൾ സ്വന്തം മകനെ ഭിത്തിയിലിടിച്ചും മേശയിൽ തള്ളിയിട്ടും പരിക്കേൽപ്പിച്ചു. അവൻ മരിച്ചില്ലെന്ന് കണ്ടപ്പോൾ ഒരു കത്തി ഉപയോഗിച്ച് കൈ ഞരമ്പുകൾ അറുത്തുമാറ്റി മരണം ഉറപ്പാക്കി.
ഈ ക്രൂരതയിൽ മറ്റൊരു പ്രധാന തെളിവ് വീട്ടിലെ വളർത്തുനായ ആയിരുന്നു.
അപരിചിതരെ കണ്ടാൽ നിർത്താതെ കുരയ്ക്കുന്ന ആ നായ അന്ന് നിശബ്ദനായിരുന്നു. വീട്ടിലുള്ളവർ തന്നെയാണ് കൊലപാതകികൾ എന്നതിലേക്കുള്ള വലിയൊരു സൂചനയായിരുന്നു അത്. പത്തു വർഷത്തെ ദാമ്പത്യത്തിനും എട്ടു വർഷത്തെ മാതൃത്വത്തിനും മുകളിൽ തന്റെ വഴിവിട്ട ബന്ധത്തിന് സ്ഥാനം നൽകിയ ഒരു അമ്മയുടെ ക്രൂരതയുടെ കഥയാണിത്. ഈ കഥ കേൾക്കുന്ന ആർക്കും തോന്നു ഒരു അമ്മക്ക് ഇത്രയും ക്രൂര ആകാൻ സാധിക്കുമോ എന്ന്?
















