മുംബൈയിൽ മൂകയും ബധിരയും ആയ ഇരുവത് വയസ്സുള്ള മകളെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവ്.ശാസ്ത്രീയമായ ഡിഎൻഎ (DNA) പരിശോധനയിലൂടെ പിതൃത്വം തെളിഞ്ഞതോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.
മുംബൈയിലെ കഫേ പരേഡ് പ്രവിശ്യയിലാണ് സംഭവം.വയറുവേദനയെത്തുടർന്ന് യുവതി മുത്തശ്ശിയോട് പരാതിപ്പെട്ടതോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പരിശോധനയിൽ യുവതി അഞ്ചുമാസം ഗർഭിണിയാണെന്ന് ഡോക്ടർമാർ കണ്ടെത്തി. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും സംസാരിക്കാൻ വൈമുഖ്യം കാണിച്ച യുവതിയിൽ നിന്ന് മൊഴിയെടുക്കുന്നത് തുടക്കത്തിൽ വെല്ലുവിളിയായിരുന്നു.
അന്വേഷണത്തിൻ്റെ ഭാഗമായി പോലീസ് പിതാവിനെ ചോദ്യം ചെയ്തപ്പോൾ, പീഡനവിവരത്തെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പരാതി നൽകാൻ പോലും ഇയാൾ തയ്യാറാകാതിരുന്നത് പോലീസിന് ശക്തമായ സംശയമുണ്ടാക്കി. തുടർന്ന് യുവതി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ നേരത്തെ ഒരു 17-കാരനടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസിൽ ഉൾപ്പെട്ടവരും സംശയിക്കപ്പെടുന്നവരുമായ ആകെ 17 പേരുടെ രക്തസാമ്പിളുകൾ പോലീസ് ലാബിലേക്ക് അയച്ചു. ജനുവരി 27-ന് പുറത്തുവന്ന ഡിഎൻഎ പരിശോധനാ ഫലത്തിലാണ് എല്ലാ സംശയങ്ങളും നീക്കി പിതാവ് തന്നെയാണ് കുറ്റവാളിയെന്ന് തെളിഞ്ഞത്. കഴിഞ്ഞ വർഷം മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് യുവതി തുടർച്ചയായി പീഡനത്തിന് ഇരയായതെന്ന് പോലീസ് വ്യക്തമാക്കി.
















