ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിക്കുമെന്നും ഇടതുപക്ഷവുമായി സഖ്യത്തിനില്ലെന്നും കോൺഗ്രസ്. 294 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്താനാണ് കോൺഗ്രസ് തീരുമാനം.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിന് ശേഷം ബംഗാളിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഗുലാം അഹമ്മദ് മിറാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും വികാരം കണക്കിലെടുത്താണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം. ഇതിന് ദേശീയ നേതൃത്വത്തിന്റെ പൂർണ പിന്തുണയുണ്ടെന്നും ഗുലാം അഹമ്മദ് മിർ പറഞ്ഞു.
തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള ശക്തമായ പോരാട്ടത്തിൽ സ്വന്തം നില ഉറപ്പിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
അതേസമയം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയും പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
















