ശബരിമല സ്വർണ്ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികൾ കടുപ്പിക്കുന്നു. തെളിവുകൾ പൂർണ്ണമായി ശേഖരിച്ച ശേഷം മാത്രം അറസ്റ്റിലേക്ക് കടന്നാൽ മതിയെന്നാണ് ഇഡിയുടെ തീരുമാനം.
അതിനാൽ, പ്രതികളുടെ അറസ്റ്റ് വൈകും. മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവരെ അടുത്തയാഴ്ച ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം.
2017 മുതൽ 2025 വരെയുള്ള പോറ്റിയുടെ സാമ്പത്തിക ഇടപാടുകളും തിരുവനന്തപുരത്തടക്കം വാങ്ങിയ വസ്തുവകകളുടെ രേഖകളും ഇഡി വിശദമായി പരിശോധിച്ചുവരികയാണ്.
നിലവിൽ 1.3 കോടി രൂപയുടെ ആസ്തികൾ മരവിപ്പിച്ചിട്ടുള്ള സാഹചര്യത്തിൽ, പൂർണ്ണമായ വിവരശേഖരണത്തിന് ശേഷം മാത്രമേ പ്രതികളെ വിളിച്ചുവരുത്തൂ.
അതിനിടെ, കേസിൽ പ്രതിപ്പട്ടികയിൽ ഇല്ലാത്ത സാക്ഷികളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
അതേസമയം പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്നും ചോദ്യം ചെയ്യും. പോറ്റിയുടെ നിക്ഷേപങ്ങൾ, വ്യക്തിബന്ധങ്ങൾ എന്നിവയിൽ കൂടുതൽ വ്യക്തത വരുത്തി കുറ്റപത്രം തയ്യാറാക്കുകയാണ് ലക്ഷ്യം.
















