നിക്ഷേപ തട്ടിപ്പ് കേസിൽ തിരുവല്ല ആസ്ഥാനമായ നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കറ്റിന്റെ 44.5 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേരളത്തിലും തമിഴ്‌നാട്ടിലുമായി പത്തിടങ്ങളിൽ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.
സ്വർണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവർക്ക് നിക്ഷേപമുണ്ടന്നു സംശയിക്കുന്ന സ്ഥാപനമാണ് നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കറ്റ്.ഇന്നലെ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ തെളിവുകൾ, സാമ്പത്തിക ഇടപാടുകളുടെ രേഖകൾ എന്നിവ ഇഡി പിടിച്ചെടുത്തു.
നിക്ഷേപ തുക ഉപയോഗിച്ച് സ്ഥാപന ഉടമ എൻ.എം.രാജുവും കൂട്ടാളികളും വൻതോതിൽ ഭൂമി വാങ്ങികൂട്ടുന്നതായി ഇഡി കണ്ടെത്തി. കൂടാതെ സ്വർണ്ണ പണയ ഇടപാടുകൾക്കും മറ്റ് ബിസിനസ് ആവശ്യങ്ങൾക്കുമായും തുക വകമാറ്റി ചെലവഴിച്ചിട്ടുണ്ട്.
പിടിച്ചെടുത്ത രേഖകൾ വിശദമായി പരിശോധിച്ചു വരികയാണെന്നും തട്ടിപ്പിന്റെ വ്യാപ്തിയും ഗുണഭോക്താക്കളെയും കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.നിക്ഷേപം തിരികെ നൽകാത്തതിനെ തുടർന്ന് രാജു, ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോര്‍ജ്, അൻസൻ ജോർജ് എന്നിവരെ 2024 മേയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരള കോൺഗ്രസ് (എം) മുൻ സംസ്ഥാന ട്രഷററും പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റുമാണ് രാജു.
















