ശബരിമലയിലെ സ്വർണ്ണ അപഹരണവുമായി ബന്ധപ്പെട്ട കേസിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷണത്തിലാക്കിയതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കേസിൽ കോൺഗ്രസിലെ പല പ്രമുഖരും കുടുങ്ങുമെന്നുറപ്പായതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്ക് ആലപ്പുഴ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റൻ കൂടിയായ ബിനോയ് വിശ്വം.
കെ.സി. വേണുഗോപാൽ ദേവസ്വം മന്ത്രിയായിരുന്ന കാലത്താണ് ശബരിമലയിലെ പോറ്റിയെ നിയമിച്ചതെന്നും ഇതിന് പിന്നിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ഒത്താശയുണ്ടായിരുന്നതായും ബിനോയ് വിശ്വം പറഞ്ഞു.
ശബരിമലയിലെ സ്വർണ്ണം അപഹരിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ശിക്ഷ ഉറപ്പാക്കാനും എൽ.ഡി.എഫ് സർക്കാരിന് ആർജ്ജവമുണ്ട്. എന്നാൽ സ്വന്തം പാർട്ടിയിലെ പ്രമുഖർ പ്രതിക്കൂട്ടിലാകുമെന്ന് ഭയപ്പെടുന്ന കോൺഗ്രസിന് ഇത്തരം നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
















