അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ്. ശിവകുമാര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. വരുമാനവും ഭാര്യയുടെ സ്വത്തും മാത്രമാണ് ശിവകുമാറിനുളളതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് വിജിലന്‍സ് സര്‍ക്കാരിന് സമര്‍പ്പിച്ചു.
എന്നാൽ ശിവകുമാറിന് ഒപ്പം ഉണ്ടായിരുന്ന ചിലർ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ ആദായ നികുതി വകുപ്പിന്‍റെ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവർ ഷൈജുഹരൻ, സുഹൃത്തുക്കളായ രാജേന്ദ്രൻ,ഹരികുമാർ എന്നിവർക്കെതിരെയാണ് വിജിലൻസിന്റെ കണ്ടെത്തൽ.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരോഗ്യ മന്ത്രി ആയിരിക്കെ വി.എസ് ശിവകുമാറിന്‍റെ ആസ്തിവകകളിൽ വലിയ വ്യത്യാസമുണ്ടായെന്നും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉടമസ്ഥാവകാശം ബിനാമിയിലൂടെ ശിവകുമാർ നേടിയെടുത്തുവെന്നും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിന്‍റെ തുടർച്ചയായാണ് കള്ളപ്പണ ഇടപാട് സംബന്ധിച്ച അന്വേഷണത്തിലേക്ക് ഇഡി കടന്നത്. 2020ൽ ശിവകുമാറിന്റെയും ബിനാമികളുടെയും വീടുകളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.
















