ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് എത്തുന്നവരെ ‘പാഞ്ചജന്യം’, ‘കൗസ്തുഭം’ എന്നീ റെസ്റ്റ് ഹൗസുകളുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പു നടത്തിയ കേസിൽ ഹരിയാനക്കാരൻ പിടിയിൽ. മേവാത്ത് സ്വദേശി മുഹമ്മദ് ഷാനെ (24) ആണ് തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ ഉത്തർപ്രദേശിലെ ഡൻകോറിൽ നിന്നാണ് പിടികൂടിയത്. ‘പാഞ്ചജന്യം’, ‘കൗസ്തുഭം’ എന്നീ റെസ്റ്റ് ഹൗസുകളുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനൊരുങ്ങുന്ന ഭക്തരിൽനിന്ന് ഓൺലൈൻ വഴി പണം തട്ടിയെടുക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്.
ഒരുപാട് ഭക്തരിൽ നിന്ന് ഇവർ കബളിപ്പിച്ചു പണം തട്ടിയിട്ടുണ്ട്. എന്നാൽ ചെറിയ തുകകൾ മാത്രം നഷ്ടമായതുള്ളതിനാൽ ആരും പരാതി നൽകിയിരുന്നില്ല. രാജ്യത്തെ പ്രസിദ്ധമായ വിവിധ ക്ഷേത്രങ്ങളുടെ സമീപത്തെ റെസ്റ്റ് ഹൗസുകളുടെ പേരിലും ഒട്ടേറെ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചും സമാന തട്ടിപ്പുനടത്തിയതായി പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി.
തട്ടിപ്പിനുപയോഗിച്ച അക്കൗണ്ട് പരിശോധിച്ചതിൽ 15 ദിവസത്തിനുള്ളിൽ 97 ലക്ഷം രൂപയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ചെറിയ തുകകളായി എത്തിയിട്ടുള്ളത്. പ്രതിയുടെ കൂട്ടാളികളായ രാജസ്ഥാൻ, ഹരിയാന സംസ്ഥാനക്കാരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.
















