പഞ്ചാബിലെ തരൺതാരൺ ജില്ലയിലെ ഉസ്മ ഗ്രാമത്തിൽ, ക്ലാസ്മുറിക്കകത്ത് സഹപാഠിയായ പെൺകുട്ടിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം നിയമ വിദ്യാർഥി സ്വയം വെടിവച്ചു. സന്ദീപ് കൗർ (19) എന്ന യുവതിയാണ് കൊലപ്പെട്ടത്. പ്രതിയായ പ്രിന്‍സ് രാജിനെ (20) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മായി ഭാഗോ ലോ കോളജിലെ ഒന്നാം വർഷ വിദ്യാര്‍ഥികളാണ് ഇരുവരും.
ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രിൻസ് രാജും സന്ദീപ് കൗറും മറ്റൊരു വിദ്യാർഥിയും ഒരുമിച്ച് ഇരിക്കുന്നത് കാണാം. ക്ലാസ് തുടങ്ങിയ ഉടൻ പ്രിൻസ് ബാഗിൽ നിന്നു തോക്കെടുത്ത് സന്ദീപിന്റെ തലയിൽ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് സ്വയം തലയ്ക്കു വെടിവച്ചു.
വെടിയൊച്ച കേട്ട് മറ്റ് വിദ്യാർഥികൾ പരിഭ്രാന്തരായി മുറിയിൽ നിന്ന് ഓടിപ്പോക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അമൃത്സറിലെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ കഴിയുന്ന പ്രിൻസിന്റെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















