ശബരിമലയിലെ കൊടിമരപ്രതിഷ്ഠയ്ക്കായി കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണർ എഎസ്പി കുറുപ്പിന്റെ റിപ്പോർട്ട്. അതേസമയം താഴികക്കുടങ്ങൾ പൊതിയാൻ സ്വർണം അനുവദിച്ചില്ലെന്നും കുറുപ്പിന്റെ റിപ്പോർട്ടിൽ പരാതി പറയുന്നു.
പ്രമുഖ നടന്മാരായ സുരേഷ് ഗോപി, മോഹൻലാൽ, രഞ്ജി പണിക്കർ അടക്കം നിരവധി ഭക്തരാണ് സ്വർണം നൽകിയത്. ഇവ വാജി വാഹനത്തിനും അഷ്ടദിക് പാലക പ്രതിമയ്ക്കും ഉപയോഗിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
2018 ജൂലായ് ആറിന് കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കണക്കുകളടക്കമുള്ള മുഴുവൻ കാര്യങ്ങളും ഉൾപ്പെടുത്തി അന്നത്തെ അഭിഭാഷക കമ്മിഷണറായിരുന്ന എഎസ്പി കുറുപ്പ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ശബരിമലയിലെ കൊടിമരപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ എസ്ഐടിയും റിപ്പോർട്ട് നൽകിയിരുന്നു.
















