ന്യൂഡൽഹിയിൽ കാറിനുള്ളിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. മൂന്നുപേർക്കും ലഡുവിൽ വിഷം നൽകിയാണ് കൊലപ്പെടുത്തിയത്. സംഭവത്തിൽ പോലീസ് പ്രതിയായ കമറുദ്ദീനെ ഇന്ന് അറസ്റ്റ് ചെയ്തു.
ഞായറാഴ്ചയായിരുന്നു പീരാഗഢി ഫ്‌ലൈ ഓവറിൽ നിർത്തിയിട്ട കാറിനുള്ളിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം ആത്മഹത്യ ആണെന്ന് കരുതിയ പോലീസിൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിയുന്നത്.
താന്ത്രിക ക്രിയകൾ വഴി അപ്രതീക്ഷിതമായി ധനം ലഭിക്കുമെന്ന് ആളുകളെ പറഞ്ഞുവിശ്വസിപ്പിക്കുകയും അവർക്ക് വിഷം കലർത്തിയ ലഡു നൽകി കൊലപ്പെടുത്തിയ ശേഷം പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയുമായിരുന്നു കമറുദ്ദീന്റെ രീതി.
പതിവ് രീതി ആവർത്തിക്കുകയായിരുന്നു അന്നും. കമറുദ്ദീൻ മൂവരുടെ കൂടെയും കാറിൽ യാത്ര ചെയ്തു. ഇതിനിടയിൽ ഇയാൾ വിഷം കലർത്തിയ ലഡു മദ്യത്തിന്റെയും ശീതളപാനീയത്തിന്റെ കൂടെയും കഴിക്കാൻ കൊടുക്കുകയും അവരെ നിർബന്ധിപ്പിച്ചു കഴിപ്പിക്കുകയും ചെയ്തു. ഇതോടെ മൂവരും മരിക്കുകയും ശേഷം അവരുടെ കൈയിൽ നിന്നും പണം കവർന്ന് കമറുദ്ദീൻ കടന്നുകളയുകയുമായിരുന്നു.
















