കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ഫോര്‍സ വെയര്‍ഹൗസിംഗിനു കീഴിലുള്ള ഡ്രൈവര്‍ ലോജിസ്റ്റിക്സിന്റെ 1.8 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വെയര്‍ഹൗസ് ശനിയാഴ്ച (14) വൈകിട്ട് അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ഡ്രൈവര്‍ ലോജിസ്റ്റിക്‌സ് ചെയര്‍മാന്‍ ആഷിക് കൈനിക്കര പങ്കെടുക്കും. എറണാകുളം ആസ്ഥാനമായ ലോജിസ്റ്റിക്സ് ഗ്രൂപ്പാണ് ഫോര്‍സ വെയര്‍ഹൗസിംഗ്.
കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ 2020ലാണ് ഫോര്‍സ വെയര്‍ഹൗസിംഗിന് വെയര്‍ഹൗസും ലോജിസ്റ്റിക്സ് സൗകര്യങ്ങളും സ്ഥാപിക്കുന്നതിനായി 5.31 ഏക്കര്‍ ഭൂമി അനുവദിച്ചത്. ഇവിടെ അത്യാധുനികരീതിയിലുള്ള വെയര്‍ഹൗസ് സൗകര്യമാണ് 20.8 കോടി രൂപയുടെ നിക്ഷേപത്തില്‍ കമ്പനി സജ്ജമാക്കിയിട്ടുള്ളത്. വെയര്‍ഹൗസിംഗ് ഓപ്പറേഷനുകള്‍, ചരക്കുനീക്കം, വിതരണ ശൃംഖലാ സേവനങ്ങള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി പ്രത്യക്ഷവും പരോക്ഷവുമായ 250ല്‍പരം തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
എച്ച്എംടിയില്‍ നിന്ന് തിരിച്ചെടുത്ത 240 ഏക്കര്‍ ഭൂമിയില്‍ വികസിപ്പിച്ച് 2008ല്‍ ഉദ്ഘാടനം ചെയ്ത കളമശ്ശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ നിലവില്‍ നൂറിലധികം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തടസ്സമില്ലാത്ത വൈദ്യുതി വിതരണം, ആറ് എംഎല്‍ഡി ശേഷിയുള്ള ജലശുദ്ധീകരണ പ്ലാന്റ്, റോഡുകള്‍, ടെലികമ്യൂണിക്കേഷന്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം കിന്‍ഫ്ര ഒരുക്കിയിട്ടുള്ളതിനാല്‍ നെസ്റ്റ് ഹൈടെക് പാര്‍ക്ക്, ഗെയില്‍, ബിഇഎല്‍, നുവാല്‍സ്, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ തുടങ്ങി ഒട്ടനവധി പ്രമുഖ സ്ഥാപനങ്ങള്‍ ആറ് വ്യത്യസ്ത മേഖലകളാക്കി തിരിച്ചിട്ടുള്ള പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ കിന്‍ഫ്ര നേരിട്ട് വികസിപ്പിച്ച ഇന്‍ഡസ്ട്രി ആന്‍ഡ് ബയോടെക്നോളജി സോണിലാണ് ഫോര്‍സ പ്രവര്‍ത്തനം തുടങ്ങുന്നത്.
ആധുനിക ലോജിസ്റ്റിക്സ് രീതികളുമായി ചേര്‍ന്നുനില്‍ക്കുന്ന നൈപുണ്യമുള്ള തൊഴില്‍സേനയെ വികസിപ്പിക്കാനും സംസ്ഥാനത്തുടനീളം സുഘടിതമായ ലൊജിസ്റ്റിക് സൗകര്യങ്ങള്‍ ലഭ്യമാക്കാനും കേരളത്തിലെ വളര്‍ന്നുവരുന്ന ലോജിസ്റ്റിക് പരിസ്ഥിതിയെ മുന്നോട്ടുനയിക്കാനും ഫോര്‍സയുടെ നിക്ഷേപ പദ്ധതിയിലൂടെ സാധിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു.
















