ഇറാനെതിരെ പ്രതിരോധം കടുപ്പിക്കാൻ ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലിനെ പശ്ചിമേഷ്യയിലേക്ക് അയച്ച് അമേരിക്ക. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായുള്ള നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ നീക്കം.
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിനെ പശ്ചിമേഷ്യയിലുള്ള എബ്രഹാം ലിങ്കൺ വിമാനവാഹിനി കപ്പലിനൊപ്പം ചേരാൻ ട്രംപ് ഉത്തരവിട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
ഒരു മാസത്തിനുള്ളിൽ ഇറാനുമായി കരാറിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കരാറിലെത്തിയില്ലെങ്കിൽ ഇറാൻ വളരെ വേദനാജനകമായ പ്രതികരണം നേരിടേണ്ടിവരുമെന്നും ട്രംപ് വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു.
വെനസ്വേലൻ പ്രസിഡന്റ് ആയിരുന്ന നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയ യുഎസ് ദൗത്യത്തിന്റെ ഭാഗമായിരുന്ന യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് നിലവിൽ കരീബിയൻ കടലിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.
യുഎസിന്റെ 38-ാം പ്രസിഡന്‍റ് ജെറാള്‍ഡ് ഫോര്‍ഡിന്‍റെ പേരിൽ അറിയപ്പെടുന്ന ഈ യുദ്ധക്കപ്പലിന് ഏകദേശം 60 യുദ്ധവിമാനങ്ങൾ ഉൾപ്പെടെ 75 വിമാനങ്ങൾ വരെ വഹിക്കാൻ കഴിയും.
















