വയനാട് തോൽപ്പെട്ടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെ ഉണ്ടായ അപകടത്തിൽ നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.
കർണാടകയിൽ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ആറാട്ടുതറ സ്വദേശി ഫസിലും കുടുംബവും സഞ്ചരിച്ചിരുന്ന ടാറ്റ ഹാരിയർ കാറാണ് കത്തിയത്.
യാത്രയ്ക്കിടെ കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഫസിൽ ഉടൻ തന്നെ വാഹനം നിർത്തുകയും കുടുംബാംഗങ്ങളെ പുറത്തിറക്കുകയും ചെയ്തു.
വിവരമറിഞ്ഞ ഉടൻ മാനന്തവാടി അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീ അണച്ചു.
കത്തിയമർന്ന വാഹനം റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വാഹനത്തിന് തീപിടിക്കാനുള്ള കൃത്യമായ കാരണം വ്യക്തമല്ല.
















