മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർക്ക് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ‘വിഷൻ 2031’ൽ മണിശങ്കർ അയ്യരുടേത് ശ്രദ്ധേയമായ അവതരണമായി മാറിയെന്ന് ഗോവിന്ദൻ പറഞ്ഞു. ചർച്ചയിൽ പങ്കെടുക്കരുതെന്ന് പലർക്കും കോൺഗ്രസ് നേതാക്കൾ കത്തയച്ചു. എന്നാൽ മണിശങ്കർ അയ്യർ ഇടതുഭരണം തുടരണമെന്ന് ആവശ്യപ്പെട്ടു. ഗാന്ധി കണ്ട ദർശനം യാഥാർത്ഥ്യമാക്കിയത് ഇടതുപക്ഷമെന്നാണ് മണിശങ്കർ പറഞ്ഞത്. അതുകൊണ്ട് അദ്ദേഹത്തിനെതിരെ പല നുണകളും കോൺഗ്രസ് പറയും. രമേശ് ചെന്നിത്തല മാത്രമല്ല പ്രതിപക്ഷ നേതാവും അദ്ദേഹത്തെ പരിഹസിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാറുമായുള്ള പിണക്കം ഒഴിവാക്കാൻ പാർട്ടി ശ്രമിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പ്രേംകുമാർ പാർട്ടി അംഗമല്ല. പിണക്കം ഒഴിവാക്കാൻ പാർട്ടി ശ്രമിക്കും. പിണങ്ങിയേ അടങ്ങൂവെന്ന് വെച്ചാൽ എന്ത് ചെയ്യും. പിണങ്ങി പോകുന്നവരെയെല്ലാം പിടിച്ച് നിർത്താനാവില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണൽ സ്റ്റാഫ് ആയിരുന്ന എ സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മലമ്പുഴയിൽ മത്സരിച്ചേക്കുമെന്ന വാർത്തയോടും ഗോവിന്ദൻ പ്രതികരിച്ചു. എ സുരേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. അല്ലാതെ അയാൾ മനംമടുത്ത് പോയതല്ല. മലമ്പുഴയിൽ സുരേഷിന് സിപിഐഎമ്മിന്റെ ഒരു വോട്ടും കിട്ടില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
















