വയനാട് കൽപ്പറ്റയിൽ ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം നേടാം എന്ന് വ്യാജ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത തമിഴ്നാട് സ്വദേശി പിടിയിൽ. തമിഴ്നാട്, പൊള്ളാച്ചി, മക്കിനംപട്ടി, എസ്.വി. ഗാർഡൻ വിഗ്നേഷ്നെയാണ് (29) സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്നാംമൈൽ സ്വദേശിയെ വാട്സ്ആപ്പിലൂടെ ബന്ധപ്പെട്ട് ഓൺലൈൻ വഴി പണം സമ്പാദിക്കാം എന്ന് വിശ്വസിപ്പിച്ചു അവരുടെ വ്യാജ ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമിലേക്ക് 31,48,000 രൂപയാണ് ഇവർ നിക്ഷേപിപ്പിച്ചത് . പലതവണ പണം നിക്ഷേപിപ്പിച്ചിട്ട് ലാഭമോ മുതലോ നൽകാതെ കബളിപ്പിക്കുകയായിരുന്നു. തട്ടിപ്പ് മനസ്സിലാക്കിയ മൂന്നാം മൈൽ സ്വദേശി പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചപ്പോൾ പ്രതിക്കെതിരെ 14 സംസ്ഥാനങ്ങളിലായി 29 ഓളം എൻസിആർപി റിപ്പോർട്ടുകൾ ഉണ്ടെന്ന് പോലീസ് കണ്ടെത്തി. ഒരു മാസത്തിനിടെ ഇയാളുടെ അക്കൗണ്ടിലേക്ക് മൂന്നേകാൽ കോടി രൂപ വന്നതായും കണ്ടെത്തി.
സൈബർ ക്രൈം പോലീസ് സംഘം പൊള്ളാച്ചിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
















