‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ ‘ബിയോണ്ട് ദി കേരള സ്റ്റോറി’യുടെ ട്രെയ്‌ലർ ഇന്നലെ പുറത്തുവന്നിരുന്നു. ട്രെയിലറിന് വൻ ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. ചിത്രത്തില്‍ കേരളത്തില്‍ നിന്നുമുള്ള ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തിനാണ് ഏറ്റവുമധികം ട്രോളുകൾ കിട്ടുന്നത്. കേരളീയരുടെ വികാരമായ ബീഫിനെ പിന്തുണച്ചുകൊണ്ട് നിരവധി റീലുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.

‘ബീഫ് കഴിക്കുന്നതിനേക്കാൾ ഞാൻ പട്ടിണി കിടന്നു മരിക്കും’ എന്നാണ് സീനിൽ കഥാപാത്രം പറയുന്നത്. പിന്നാലെ ഇതിനെ ട്രോളികൊണ്ട് നിരവധി മലയാളി കമന്റുകളാണ് നിറയുന്നത്. ബീഫ് കഴിക്കുന്ന രംഗത്തിന് ഇനി ആളെ ആവശ്യമുണ്ടെങ്കില്‍ പറയണമെന്നും നിര്‍ബന്ധിക്കാതെ തന്നെ കഴിക്കാമെന്നുമാണ് ചിലര്‍ പറയുന്നത്. ബീഫിനൊക്കെ എന്തൊരു വിലയാണെന്നും ഇങ്ങനെ തുപ്പിക്കളയാമോ എന്നും ചിലര്‍ ചോദിക്കുന്നു. ഇനി പൊറോട്ട ഇല്ലാത്തതുകൊണ്ടാണോ കുട്ടി ബീഫ് കഴിക്കാത്തതെന്നും സംശയം പ്രകടിപ്പിച്ചവരുണ്ട്. ‘ബീഫ് മാത്രം കൊടുത്താൽ കഴിക്കുന്നത് എങ്ങനെ? 2 നല്ല ചൂടുള്ള പൊറോട്ട കൂടി കൊടുക്ക്. ചാപ്സ് ന്റെ ഗ്രേവി കൂടി ഉണ്ടെങ്കിൽ ഉഷാർ’, ‘ഒരു പൊറോട്ട എങ്കിലും കൊടുക്കാർന്നു’ എന്നിങ്ങനെയാണ് മറ്റു കമന്റുകൾ.
Fav dish of malayali😍🤤
We eat, we will eat🤏🏻#BEEF #porottabeef #thekeralastory2 #fakestory pic.twitter.com/w0SCNqwa9p— Abhijith (@wizardabhi7) February 18, 2026
2026 ഫെബ്രുവരി 27-ന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ദേശീയ പുരസ്കാര ജേതാവായ കാമാഖ്യ നാരായണ സിംഗ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിപുൽ ഷാ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സഹനിർമ്മാതാവായി ആഷിൻ എ ഷായും പ്രവർത്തിക്കുന്നു. പുതുമുഖങ്ങളാണ് സിനിമയിൽ മുഖ്യവേഷങ്ങളിൽ എത്തുക. റിലീസ് സമയത്ത് നിറയെ വിവാദങ്ങൾ ഉണ്ടാക്കിയ സിനിമയാണ് കേരള സ്റ്റോറി. കേരളത്തെ മോശമായി ചിത്രീകരിക്കുകയും വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത സിനിമ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
കേരള സ്റ്റോറി ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്നും വിദ്വേഷപ്രചരണമാണ് നടത്തുന്നതെന്നും നിരവധി പേർ ആരോപിച്ചിരുന്നു. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ സിനിമ കരസ്ഥമാക്കുകയും ചെയ്തു. എന്നാൽ സിനിമയുടെ ഈ പുരസ്‌കാരത്തിന് പിന്നാലെ നിരവധി ചോദ്യങ്ങളും ഉയർന്നിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന് ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചത് എന്നായിരുന്നു വിമർശനങ്ങൾ.
















