ശബരിമല ആടിയ നെയ്യ് ശിഷ്ടം തട്ടിപ്പില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പ്പിച്ച് വിജിലന്‍സ്. പ്രാഥമിക അന്വേഷണത്തില്‍ 21 ലക്ഷത്തിന്റെ ക്രമക്കേട് കണ്ടെത്തി. ക്ഷേത്രം സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ അടക്കം 33 പ്രതികളുണ്ട്. ക്ഷേത്ര പ്രസാദത്തിന്റെ കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ ഹൈക്കോടതി അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഒരു പെട്ടി കടയില്‍ ഇതിലും നന്നായി കണക്ക് സൂക്ഷിക്കുമെന്ന് കോടതി നിരീക്ഷിച്ചു. നെയ്യിന്റെ കണക്ക് എഴുതുന്നത് ‘കുട്ടിബുക്കില്‍’ എന്നും വിമര്‍ശനമുണ്ട്. കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നത് 200 പേജിന്റെ നോട്ട്ബുക്കിലെന്നും ബുക്കില്‍ നിറയെ വെട്ടലും തിരുത്തലുമെന്നും കോടതി വിമര്‍ശിച്ചു.
13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോര്‍ഡിന്റെ അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്പി മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിനുള്ള ചുമതല. അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരും ജയില്‍ മോചിതനായി. ഒന്നാംപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ട് എന്നതടക്കമുള്ള പ്രോസിക്യൂഷന്‍ വാദങ്ങള്‍ തള്ളിയാണ് കൊല്ലം വിജിലന്‍സ് കോടതി ദ്വാരപാലക- കട്ടിള പാളി കേസുകളില്‍ ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി നാല്‍പത്തിയൊന്നാം ദിവസമാണ് തന്ത്രി ജയിലിന് പുറത്തിറങ്ങിയത്.
പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുത്, കോടതി അനുമതി ഇല്ലാതെ സംസ്ഥാനം വിട്ട് പോകരുത്, പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, ചൊവ്വ, ശനി ദിവസങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകരണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പടെ കേസില്‍ അഞ്ച് പേര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് ഹൈക്കോടതി വിലയിരുത്തിയെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ജാമ്യം ലഭിക്കുന്നത് അന്വേഷണസംഘത്തെ കുഴക്കും. കോടതി ഹര്‍ജി പരിഗണിക്കും. കെ പി ശങ്കരദാസിന്റെ ആരോഗ്യനില ചൂണ്ടിക്കാണിച്ചുള്ള ജാമ്യ ഹര്‍ജിയും ഈയാഴ്ച കോടതിക്ക് മുന്‍പാകെ എത്തും. അതേസമയം സ്വര്‍ണ്ണക്കൊള്ളയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച കല്‍പ്പേഷിനെ ED വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്കും.
Story Highlights : Sabarimala ghee scam: Vigilance submits preliminary report to High Court
















