കേരള കോൺഗ്രസ് എമ്മിൽ പുതിയ ഗ്രൂപ്പ് രൂപപ്പെടുന്നു എന്ന പ്രചാരണങ്ങളെ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. പാർട്ടിയിൽ ‘റോ’ ഗ്രൂപ്പ് നിലവിലുണ്ടെന്ന വാർത്തകൾ വെറും കെട്ടുകഥയാണെന്നും തന്റെ ജീവിതകാലത്ത് ഒരിക്കലും അത്തരമൊരു ഗ്രൂപ്പുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ അടിയുറച്ച ഒരു കേരള കോൺഗ്രസുകാരനാണെന്നും അന്തരിച്ച നേതാവ് കെ.എം. മാണിയുടെ പൈതൃകമാണ് പിന്തുടരുന്നതെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. പാർട്ടിയിൽ യാതൊരുവിധ അധികാര തർക്കങ്ങളുമില്ല. ചെയർമാൻ ജോസ് കെ. മാണി എടുക്കുന്ന തീരുമാനങ്ങളാണ് പാർട്ടിയുടെ ഔദ്യോഗിക നിലപാട്. ആലോചിക്കേണ്ട കാര്യങ്ങൾ കൃത്യസമയത്ത് കൂടിയാലോചിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കണമെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് റോഷി ആവർത്തിച്ചു.ജോസ് കെ. മാണി തന്റെ പ്രസ്താവനയെ പൂർണ്ണമായി ഉൾക്കൊണ്ടിട്ടുണ്ടെന്നും തങ്ങൾക്കിടയിൽ തർക്കങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. റോഷിക്ക് ‘ചോരത്തിളപ്പാണ്’ എന്ന ജോസ് കെ. മാണിയുടെ പരാമർശത്തിൽ തെറ്റില്ലെന്നും, ഏത് സീറ്റിൽ മത്സരിച്ചാലും അദ്ദേഹം വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ജോസ് കെ. മാണിക്ക് യുഡിഎഫിലേക്ക് മടങ്ങാൻ താല്പര്യമുണ്ടെന്ന തരത്തിലുള്ള വാർത്തകൾ മന്ത്രി തള്ളി. പാർട്ടി ഔദ്യോഗികമായി അത്തരമൊരു നിലപാട് ഒരിടത്തും പറഞ്ഞിട്ടില്ല.
















