കർണാടകയിലെ കൊപ്പൽ താലൂക്കിലെ ഹന്ദ്രാൽ ഗ്രാമത്തിൽ സഹോദരിക്ക് നേരെ സഹോദരന്റെ ക്രൂരമായ വധശ്രമം. അന്യജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിലുള്ള പകയെത്തുടർന്ന് നാല് മാസം ഗർഭിണിയായ മീനാക്ഷി (27) എന്ന യുവതിയെയാണ് സഹോദരൻ മഞ്ജുനാഥ് കോടാലി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ കൊപ്പൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഹന്ദ്രാൽ ഗ്രാമത്തിൽ എത്തിയതായിരുന്നു ചിറ്റാപൂർ സ്വദേശിനിയായ മീനാക്ഷി. ഗ്രാമത്തിൽ സഹോദരി എത്തിയ വിവരം അറിഞ്ഞ മഞ്ജുനാഥ് കോടാലിയുമായെത്തി ആക്രമിക്കുകയായിരുന്നു.
ജീവൻ രക്ഷിക്കാനായി മീനാക്ഷി വിവാഹവേദിയിലേക്ക് ഓടിക്കയറാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തിയ പ്രതി ആൾക്കൂട്ടത്തിന് മുന്നിലിട്ട് ക്രൂരമായി വെട്ടുകയായിരുന്നു. തലയ്ക്കും പുറംഭാഗത്തിനും ഇടതുകൈയ്ക്കും വെട്ടേറ്റ യുവതി രക്തം വാർന്ന് വീഴുകയായിരുന്നു.
ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ദൃക്‌സാക്ഷികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മഞ്ജുനാഥിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. പ്രദേശം വിട്ട പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
















