തീരുവ നടപടികളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. ട്രംപ് പ്രഖ്യാപിച്ച തീരുവ നിയമപരമായി നിലനില്‍ക്കില്ലെന്ന് യു എസ് സുപ്രിംകോടതി വിധിച്ചു. തോന്നിയത് പോലെ തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും അമേരിക്കന്‍ സുപ്രിംകോടതി നിരീക്ഷിച്ചു. ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് ദുരുപയോഗം ചെയ്താണ് ട്രംപിന്റെ നടപടിയെന്നും അമേരിക്കന്‍ സുപ്രിംകോടതി വിധിച്ചു. ട്രംപിന്റെ നടപടി നിയമത്തിന്റെ പരിധി ലംഘിച്ചുള്ളതാണെന്നും കോടതി വിധിയിലുണ്ട്. ഭരണഘടന പ്രകാരം തീരുവ ചുമത്തുന്നതിന് മുമ്പ് പ്രസിഡന്റ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം നേടിയിരിക്കണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ജോണ്‍ റോബേര്‍ട്ട്‌സിന്റേതാണ് നിരീക്ഷണങ്ങള്‍.
യാതൊരു പരിധികളുമില്ലാതെ തോന്നിയത്രയും കാലയളവിലും തോന്നിയത്ര അളവിലും തോന്നിയ മാനദണ്ഡങ്ങളിലും തീരുവ വര്‍ധിപ്പിക്കാന്‍ ട്രംപിന് സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. തീരുവ ചരിത്രവും കീഴ്‌വഴക്കവും പരിശോധിക്കുമ്പോള്‍ തീരുവ നയങ്ങള്‍ നടപ്പിലാക്കുന്നതിന് ട്രംപിന് കോണ്‍ഗ്രസിന്റെ വ്യക്തമായ അംഗീകാരം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിവിധ ലോകരാജ്യങ്ങള്‍ക്ക് ട്രംപ് വര്‍ധിപ്പിച്ച ചില തീരുവകളെ കോടതിയുടെ ഈ തീരുമാനം സാരമായി ബാധിക്കും.
Story Highlights : US supreme court ruled Trump tariffs illegal
















