ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികൾ കടുപ്പിക്കുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ തന്ത്രി കണ്ഠര് രാജീവർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു എന്നിവർക്ക് ഇഡി സമൻസ് അയച്ചു. മാർച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. എസ്.ഐ.ടി പ്രതിപ്പട്ടികയിലുള്ള മുഴുവൻ പേരെയും ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകളും പണമിടപാടുകളും കണ്ടെത്തുകയാണ് ഇഡിയുടെ ലക്ഷ്യം. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹത്തെ ശബരിമലയിൽ നിയമിച്ചത് താനല്ലെന്നുമാണ് തന്ത്രിയുടെ വാദം. ഇതിനെ സാധൂകരിക്കുന്നതിനായി ബെംഗളൂരു ശ്രീരാംപുര ക്ഷേത്രത്തിലെ വിവരങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ തന്ത്രി കോടതിയിൽ ഹാജരാക്കിയിരുന്നു.
എന്നാൽ, തന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ ദീർഘകാലത്തെ സൗഹൃദമുണ്ടെന്ന ആരോപണമാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറാണ് ഈ ബന്ധത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയത്.
















