പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിജെപി മുൻ നേതാവും അധ്യാപകനുമായ കെ. പത്മരാജന് പരോൾ അനുവദിച്ചതായി ആക്ഷേപം. ബലാത്സംഗക്കേസിലെ പ്രതികൾക്ക് സാധാരണയായി ദീർഘകാല പരോൾ അനുവദിക്കാറില്ലെന്ന ജയിൽ ചട്ടങ്ങൾ നിലനിൽക്കെയാണ് പത്മരാജൻ നിലവിൽ പുറത്തിറങ്ങിയിരിക്കുന്നത്.
ഫെബ്രുവരി മൂന്നിന് പത്മരാജന്റെ സഹോദരി മരണപ്പെട്ടിരുന്നു. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി മൂന്ന് ദിവസത്തെ അടിയന്തര പരോളാണ് ജയിൽ സൂപ്രണ്ട് ആദ്യം അനുവദിച്ചത്. എന്നാൽ ഈ കാലാവധി കഴിഞ്ഞിട്ടും, സംസ്ഥാന സർക്കാരും ജയിൽ വകുപ്പും ഇടപെട്ട് പരോൾ നീട്ടി നൽകുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ഫെബ്രുവരി മൂന്നിന് ജയിൽ വിട്ട പ്രതി ഇതുവരെ തിരികെ എത്തിയിട്ടില്ല.
തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) കഴിഞ്ഞ നവംബറിലാണ് പത്മരാജനെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
















