ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിനെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷ, ഭരണപക്ഷ വാക്‌പോര്. ഇന്ന് സഭ കൂടിയപ്പോള്‍ പ്രതിപക്ഷം ശബരിമല വിഷയം വീണ്ടും ഉയര്‍ത്തുകയും തന്ത്രിയെ പിന്തുണച്ച് നിലപാട് സ്വീകരിക്കുകയുമായിരുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അസാന്നിധ്യത്തില്‍ കെ ബാബുവാണ് ശബരിമല വിഷയം നിയമസഭയില്‍ ഉന്നയിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പോറ്റി അടക്കമുള്ള പ്രതികളെല്ലാം ജയിലിന് പുറത്ത് സ്വൈര്യ വിഹാരം നടത്തുന്നുവെന്ന് പറഞ്ഞു തുടങ്ങിയ കെ. ബാബു തന്ത്രിയെ അനാവശ്യമായാണ് ജയിലില്‍ അടച്ചതെന്നും പറഞ്ഞു.
അയ്യപ്പസംഗമം നടത്തിയതു വഴി വലിയ സാമ്പത്തിക ക്രമക്കേട് നടന്നുവെന്നും കെ. ബാബു ആരോപിച്ചു. വിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നായിരുന്നു വിമര്‍ശനം.
ബാബുവിന്റെ പരാമര്‍ശത്തിനെതിരെ മന്ത്രി പി. രാജീവ് എഴുന്നേറ്റു നിന്നു. പ്രതിപക്ഷ വിമര്‍ശനം ഹൈക്കോടതിക്ക് എതിരാണെന്ന് രാജീവ് ആരോപിച്ചു. ഒരു കുറ്റവും ചെയ്യാത്ത ആളെന്ന മട്ടിലാണ് പ്രതിപക്ഷം തന്ത്രിയെ അവതരിപ്പിക്കുന്നത്. ഒരാള്‍ പ്രതിയാണെന്നോ അല്ലെന്നോ ഉള്ള അഭിപ്രായം സര്‍ക്കാരിനില്ലെന്നും മന്ത്രി വ്യക്തമാക്കി.
തന്ത്രിക്ക് എന്താണ് ഇത്ര വിശേഷം എന്ന് മന്ത്രി എം.ബി രാജേഷ് ചോദിച്ചു. മറ്റ് പ്രതികള്‍ക്കുള്ള പരിഗണനയേ തന്ത്രിക്കും ഉള്ളൂവെന്നും വ്യക്തമാക്കി. തന്ത്രിക്കു വേണ്ടി ബിജെപിയും കോണ്‍ഗ്രസും വക്കാലത്ത് എടുത്തിരിക്കുകയാണെന്നും രാജേഷ് വിമര്‍ശിച്ചു.
അതേസമയം തുടര്‍ച്ചയായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ബില്ലുകള്‍ പാസാക്കി സഭ നാളെ പിരിയാന്‍ തീരുമാനിച്ചു.
















