കേരളത്തിലെ സിനിമാ തിയറ്ററുകൾ ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും ഭീകരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തീയേറ്ററുടമകളുടെ സംഘടനയായ ഫിയോക് ഇന്ന് എക്സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു. സിനിമാ മേഖലയിൽ ഇപ്പോഴത്തെ സീസൺ വളരെ മോശമാണെന്ന് തങ്ങൾക്ക് അറിയുന്നതുകൊണ്ടുതന്നെ യോഗത്തിൽ വലിയ അത്ഭുതങ്ങളൊന്നും ഉണ്ടായില്ലെന്നാണ് യോഗത്തിന് ശേഷം തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് പ്രസിഡൻ്റ് കെ. വിജയകുമാർ വൺടു ടോക്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
‘സിനിമാ മേഖലയിൽ ഇപ്പോഴത്തെ സീസൺ വളരെ മോശമാണെന്ന് തങ്ങൾക്ക് അറിയുന്നതുകൊണ്ടുതന്നെ യോഗത്തിൽ വലിയ അത്ഭുതങ്ങളൊന്നും ഉണ്ടായില്ല. കാരണം നോമ്പ് തുടങ്ങിയാൽ പടങ്ങളുണ്ടാകുന്നത് കുറവാണ്. എന്നാൽ അതിന് മുൻപ് ഒരു ഹിറ്റ് സിനിമ കിട്ടിയാൽ അത്ച്ചുവെച്ച് നിലൽക്കാറാണ് പതിവ്. എന്നാൽ ഭാഗ്യദോഷംകൊണ്ട് ഇത്തവണ ഇറങ്ങിയ എല്ലാ ചിത്രങ്ങളും പരാജയമായിരുന്നു. പഴയപോലെയല്ല ഇപ്പോൾ എല്ലാം ഡിജിറ്റൽ ആണ്, അതുകൊണ്ടുതന്നെ തീയേറ്റർ ദിവസവും വർക്ക് ചെയ്യിക്കേണ്ടതുണ്ട്. അതിനുവേണ്ടി പല തീയേറ്ററുകളും ഒന്നും രണ്ടും ഷോകൾ വെച്ച് പ്രദർശിപ്പിക്കുന്നുണ്ട്. മാസത്തിൽ ഒന്നരലക്ഷത്തിനടുത്ത് നഷ്ടം വരുന്ന തരത്തിലാണ് ഇപ്പോഴത്തെ സിനിമാവ്യവസായം മുന്നോട്ട് പോകുന്നത്. മാർച്ച് പതിനഞ്ച് വരെ ഇത് സഹിച്ചേ പറ്റുള്ളു. തീയേറ്ററുകാർക്ക് സമാധാനിക്കാനായി ഏതെങ്കിലും തരത്തിലുള്ള സഹായകരമായ ഒരു നീക്കമോ ഒന്നും ഗവൺമെന്റിൽനിന്നോ ആരിൽനിന്നോ ഇല്ല. വാഗ്ദാനങ്ങളും പ്തീക്ഷകളും കൊടുക്കുകയും പിന്നീടത് നടപ്പാക്കാതിരിക്കുകയും ചെയ്യുകയെന്നതാണ് ഇപ്പോഴത്തെ സർക്കാർ ചെയ്യുന്നത്. ക്ഷേമനിധിയിലേക്കും, എന്റർടെയ്മെന്റ് ടാക്സ് ആയും, മറ്റു പല രീതിയിലും അങ്ങോട്ടേക്ക് വാങ്ങിക്കാൻ വലിയ താൽപര്യമാണ്. എന്നാൽ ഇതെല്ലാം കഴിയുമ്പോഴേക്ക് തീയേറ്ററുടമകളുടെ അവസ്ഥയെന്തെന്ന് അന്വേഷിക്കാൻ ആരുമില്ല എന്നതാണ് സത്യം.
കേരളത്തിലെ നൂറ് ശതമാനം തീയേറ്ററുകളും അടഞ്ഞുകിടക്കുകയാണ്. പേരിന് ഉപകരണങ്ങളിട്ട് പ്രദർശനം നടത്തുന്നത് ഉപകരണങ്ങൾ നാശമാവാതിരിക്കാനാണ്. അതിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളെപ്പറ്റി എല്ലാവരും സംസാരിക്കുന്നുണ്ട്. അത് തരണം ചെയ്യാതെ നിവൃത്തിയില്ല. അതിനിനി കൊള്ളപ്പലിശക്കാരെ ആശ്രയിക്കേണ്ട അവസ്ഥയാണ്. മാർച്ച് 19 മുതൽ എത്തുന്ന സിനിമയുടെ ലാഭം അവർക്ക് കൊടുത്തുതീർക്കാനമാത്രമേ തികയുള്ളു. മാർച്ച് 19 മുതൽ മെയ് മുപ്പത് വരെ റിലീസാകുന്ന സിനിമകളിലെല്ലാം ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന സിനിമയ്ക്ക് വലിയ പ്രതീക്ഷയാണ് ഞങ്ങൾ വെച്ചിട്ടുള്ളത്. അതോർക്കുമ്പോൾ ഇപ്പോഴത്തെ വിഷമങ്ങൾക്ക് ചെറിയൊരു ആശ്വാസം ഉണ്ട്.
മാർച്ച് 19 നെത്തുന്ന ആട് 3, ഏപ്രിൽ രണ്ടിനെത്തുന്ന ദൃശ്യം 3, വാഴ 2 മാർച്ച് 20 നെത്തുന്ന നിവിൻ പോളിയുടെ പ്രതിഛായ, ഏപ്രിൽ 23 നെത്തുന്ന പാട്രിയോട്ട്, മെയ് 14ന് ആന്റണി വർഗീസ് പെപ്പെ പ്രധാന കഥാപാത്രമായെത്തുന്ന കാട്ടാളൻ, മെയ് 14ന് ബേസിലിന്റെ അതിരടി തുടങ്ങി ഒട്ടനവധി ചിത്രങ്ങളാണ് എത്താൻ പോകുന്നത്. ഈ ചിത്രങ്ങളിൽനിന്നും ലഭിക്കുന്ന ലാഭത്തിലാണ് ഇനി തീയേറ്ററുടമകളുടെ പ്രതീക്ഷ.’
‘ഒൻപതു വർഷമായി സർക്കാരുമായി ചർച്ചചെയ്യുന്ന ആളാണ് ഞാൻ, ആ ചർച്ചകളിലെല്ലാം എല്ലാം സാധിച്ചുതരാമെന്നവർ പറയും, പക്ഷെ ചെയ്യില്ല. കോവിഡ് സമയത്ത് ചെയ്തുതരാമെന്ന് പറഞ്ഞ ബിൽഡിങ് ടാക്സ് ഇന്നും ഇളവ് ചെയ്തുതന്നിട്ടില്ല. പിന്നീട് അതവർ നിഷേധിക്കുകയും ചെയ്തു. അതുകൊണ്ട് ഇപ്പോൾ ഞങ്ങൾക്ക് പ്രതീക്ഷയില്ല. സമരവുമായി മുന്നോട്ട് പോകാനായിരുന്നു തീരുമാനം. എന്നാൽ അപ്പോഴാണ് ചേമ്പറിൽ പുതിയ ഭരണസമിതി വരികയും സർക്കാരുമായി വീണ്ടും ചർച്ചക്കിരിക്കാമെന്ന് പറയുകയും ചെയ്യുന്നത്, അവർക്ക് സർക്കാരിനെ വിശ്വാസമാണെന്നാണ്പറയുന്നത്. ഞങ്ങൾ ഉന്നയിച്ച പ്രശ്നങ്ങളെല്ലാം മന്ത്രി അംഗീകരിച്ചു എന്നതാണ് വാസ്തവം, അല്ലാതെ മറ്റ് വഴിയില്ല. രണ്ടാഴ്ച്ചകകം എല്ലാം ശരിയാകുമെന്ന് പറഞ്ഞിട്ടിപ്പോൾ രണ്ട് മാസം കഴിഞ്ഞു.
മുൻപത്തെക്കാളും തീയേറ്ററുടമകൾ ഇപ്പോൾ ഒരുമിച്ച് നിൽക്കുന്നുണ്ട്. കാരണം ജനങ്ങളെ തീയേറ്ററിലെത്തിക്കുക എന്ന ഒരു താൽപര്യമേ സിനിമയ്ക്കിപ്പോൾ ഉള്ളു. പ്രേക്ഷകൻ തീയേറ്ററിൽ കാണുന്ന സിനിമ ഉണ്ടാക്കിയിട്ടേ കാര്യമുള്ളു. തീയേറ്ററുകൾ നിലനിന്നാലെ സിനിമ നിലനിൽക്കുകയുള്ളു. ആ ബോധം സിനിമാക്കാർക്ക് വന്നിട്ടുണ്ട്. അതേസമയം ഫിയോക്ക് തന്നെ സിനിമകൾ വിതരണത്തിനെടുത്തിരുന്നു. അത് വലിയ വിജയമായില്ലെന്ന് പുറത്തുള്ളവർക്ക് തോന്നുമെങ്കിലും അത് വിജയകരമായിരുന്നെന്നാണ് വിജയകുമാർ പറയുന്നത്. ‘സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചില സിനിമകൾ തീയേറ്ററുകളിൽ റിലീസ് ചെയ്യാനാകാത്ത അവസ്ഥയുണ്ടാവാറുണ്ട്. ഒപ്പം ഇന്നത്തെ സാഹചര്യത്തിൽ തീയേറ്ററിൽ പ്രദർശിപ്പിക്കാത്ത ഒരു സിനിമയും ഒടിടിയിലേക്ക് പോകില്ല. അത്തരം സിനിമാക്കാരെ സഹായിക്കുക എന്ന ഉദ്ദേശ്യമാണ് ഫിയോക്കിനുള്ളത്. അല്ലാതെ പ്രെെവറ്റ് പാർട്ടി വിതരണത്തിനെടുക്കുന്നപോലെ ലക്ഷക്കണക്കിന് രൂപയ്ക്ക് ഞങ്ങൾക്ക് എടുക്കാൻ സാധിക്കില്ല. ഞങ്ങളില്ലെങ്കിൽ ഒരിക്കലും തീയേറററിൽ വരാൻ സാധ്യതയില്ലാത്ത ചിത്രങ്ങളാണ് ഞങ്ങൾ റിലീസ് ചെയ്തുകൊണ്ടിരിക്കുന്നത്. മാസത്തിൽ ഒന്നോ രണ്ടോ ചിത്രങ്ങൾ ഞങ്ങൾ റിലീസ് ചെയ്യുന്നുണ്ട്. അതിൽ പൂർണമായും ലക്ഷ്യം കണ്ടെത്താൻപറ്റി എന്നതാണ് വാസ്തവം. ഒരു പെെസപോലും പ്രതിഫലം വാങ്ങിക്കാതെ ഞങ്ങൾ റിലീസ് ചെയ്ത സിനിമകളുണ്ട്.
അന്യഭാഷ സിനിമകൾ കേരളത്തിൽ വിതരണത്തിനെത്തുമ്പോഴുള്ള താരിഫിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘ഞങ്ങൾ ആ താരിഫുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. അതിനെക്കുറിച്ചുള്ള ഞങ്ങളുടെ സംശയം, നമ്മളുടെ ചിത്രങ്ങൾ അന്യഭാഷയിലേക്ക് ചെല്ലുമ്പോൾ നമ്മുക്ക് ലഭിക്കുന്ന ടേംസ് എത്ര എന്നതാണ്. അത് കൂടിപ്പോയാൽ നാൽപ്പത് ശതമാനം മാത്രമാണ്. അതേ സാഹചര്യത്തിൽ അന്യഭാഷ ചിത്രങ്ങൾ മലയാളത്തിലേക്ക് വരുമ്പോൾ എന്തിന് ഇത്രയധികം ടേംസ് നമ്മളുടെ കെെയ്യിൽനിന്നും വാങ്ങിക്കുന്നു എന്നാണ് ഞങ്ങൾ വിതരണക്കാരോട് ചോദിക്കുന്നത്. അന്യഭാഷാ ചിത്രങ്ങൾ മലയാളത്തിലേക്ക് വരുമ്പോൾ എന്തിനാണ് തീയേറ്ററുകാരുടെ അടുത്തുനിന്ന് പത്തും പതിനഞ്ചും കൂട്ടിവാങ്ങുന്നതെന്നാണ് ചോദ്യം.’
















