പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഇസ്രയേലിൽ എത്തും. ഒമ്പതു മണിക്ക് ഇസ്രയേലിലേക്ക് തിരിക്കുന്ന മോദിക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകും. ബെഞ്ചമിൻ നെതന്യാഹുവുമായി മോദി ചർച്ച നടത്തും. ഇസ്രയേൽ പാർലമെന്‍റിനെ പ്രധാനമന്ത്രി ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ടു മണിക്ക് അഭിസംബോധന ചെയ്യും.
പ്രതിരോധം, സുരക്ഷ, തൊഴിൽ, വാണിജ്യം, എഐ, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനുള്ള ധാരണാപത്രം ഒപ്പിടും.
പ്രതിരോധരംഗത്ത് കൂടുതൽ സഹകരണത്തിനുള്ള തീരുമാനമുണ്ടാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം വൃത്തങ്ങൾ നൽകുന്ന വിവരം. കേന്ദ്ര പ്രതിരോധ സെക്രട്ടറി ആർ.കെ. സിങ് നവംബറിൽ ഇസ്രയേൽ സന്ദർശിച്ചിരുന്നു. ഇസ്രയേൽ സേനയുടെ കരുത്തായ അയേൺ ഡോം വാങ്ങുന്നതിനുള്ള പദ്ധതി ഇന്ത്യയ്ക്കുണ്ട്.
ഇന്ത്യ – ഇസ്രായേൽ പങ്കാളിത്തത്തിലൂടെ കൈവരിച്ച സുപ്രധാന പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്യും. കൂടാതെ ശാസ്ത്ര സാങ്കേതിക വിദ്യ, നവീകരണം, പ്രതിരോധം, സുരക്ഷ, കൃഷി, വ്യാപാരം, സമ്പദ്‌വ്യവസ്ഥ, എന്നിവയുൾപ്പെടെ സഹകരണത്തിന്റെ വിവിധ മേഖലകളിലെ കൂടുതൽ അവസരങ്ങളെക്കുറിച്ച് ചർച്ച ചെയ്യും- വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
അതേസമയം ആഗോള വിഷയങ്ങള്‍ ഉൾപ്പെടെ ചർച്ച ചെയ്യുമെന്നാണ് സൂചന. 2017ലാണ് നരേന്ദ്ര മോദി ഇസ്രയേൽ ആദ്യമായി സന്ദർശിച്ചത്. 9 വർഷത്തിനു ശേഷം പ്രധാനമന്ത്രി വീണ്ടും ഇസ്രയേൽ സന്ദർശിക്കുമ്പോൾ അതിനു തിരഞ്ഞെടുത്ത സമയം വിമർശനത്തിനു കാരണമായിട്ടുണ്ട്.
















