കൊലപാതകം… ഇന്ന് നമ്മൾ നിത്യേന കേൾക്കുന്ന വാർത്തകളിൽ ഒന്നായി അത് മാറിയിരിക്കുന്നു. പ്രണയപ്പകയോ പണമോ പ്രതികാരമോ ഒക്കെയാകാം ജീവനെടുക്കുന്നതിന്റെ പിന്നിലുള്ള കാരണങ്ങൾ. നിയമത്തിന് മുന്നിൽ കുറ്റവാളികൾ വിറങ്ങലിച്ചു നിൽക്കുന്ന കഥകളാണ് നാം അധികവും കേട്ടിട്ടുള്ളത്. എന്നാൽ, പണവും പ്രതാപവും രാഷ്ട്രീയ സ്വാധീനവും കൊണ്ട് സത്യം കുഴിച്ചുമൂടപ്പെടുന്ന അവസ്ഥ എത്ര ഭയാനകമാണ്! അധികാരത്തിന്റെ ഇടനാഴികളിൽ സ്വാധീനമുണ്ടെങ്കിൽ ഏത് കൊടുംക്രൂരതയും വെറുമൊരു ‘അപകടമോ’ ‘ആത്മഹത്യയോ’ ആയി എഴുതിത്തള്ളപ്പെടുമെന്നതിന്റെ നേർസാക്ഷ്യമായിരുന്നു 1983-ൽ ബിഹാറിൽ നടന്ന ആ സംഭവം.
പണക്കാരിയും സുന്ദരിയുമായിരുന്നിട്ടും, കൊലപാതകിയുടെ പണക്കൊഴുപ്പിനും രാഷ്ട്രീയ പിടിപാടിനും മുന്നിൽ തോറ്റുപോയ ഒരു പെൺകുട്ടിയുടെ കഥയാണിത്. ഇവിടെ നമ്മൾ രണ്ട് തരം പോലീസുകാരെ കാണുന്നുണ്ട്; ഒന്ന്, താൻ ധരിച്ച കാക്കിയോട് നീതി പുലർത്തി സത്യത്തിന് പിന്നാലെ പാഞ്ഞവർ. രണ്ട്, അധികാരത്തിന്റെ തണലിൽ സത്യത്തെ കണ്ടില്ലെന്ന് നടിച്ച് യജമാനൻമാരെ സേവിച്ചവർ. ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തുകയും ഭരണകൂടത്തെ പിടിച്ചുലയ്ക്കുകയും ചെയ്ത ബോബി കൊലപാതക കേസ്.
1983-ലെ ഒരു മെയ് മാസം. ബീഹാർ നിയമസഭയിലെ ടൈപ്പിസ്റ്റായ ഒരു യുവതിയുടെ മരണം പട്നയിലെ പത്രമാപ്പീസുകളിൽ വലിയൊരു കൊടുങ്കാറ്റായി ആഞ്ഞടിച്ചു. ഒരു സാധാരണ ടൈപ്പിസ്റ്റായിരുന്നില്ല അവൾ. ബീഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ ചെയർപേഴ്സണും കോൺഗ്രസ് നേതാവുമായ രാജേശ്വരി സരോജ് ദാസിന്റെ ദത്തുപുത്രി — ശ്വേത് നിഷാ ബോബി ഏലിയാസ് ത്രിവേദി.
ബോബി ഒരു സുന്ദരിയായിരുന്നു. അവളുടെ പുഞ്ചിരി കാണാനും ഒന്ന് സംസാരിക്കാനും അന്നത്തെ പ്രമുഖ നേതാക്കളും മന്ത്രിമാരും എം.എൽ.എമാരും മത്സരിച്ചിരുന്നു. ഒരിക്കൽ വിവാഹിതയായിരുന്നെങ്കിലും ആ ബന്ധം തകർന്നതോടെ ബോബി തന്റെ അമ്മയുടെ ഔദ്യോഗിക വസതിയിലാണ് താമസം. അവിടെ പാർക്ക് ചെയ്തിരിക്കുന്ന മുന്തിയ കാറുകളുടെ നിര കണ്ടാൽ തന്നെ അറിയാം, എത്രത്തോളം സ്വാധീനമുള്ളവരാണ് ബോബിയുടെ സന്ദർശകരിലെന്ന്.
എന്നാൽ മെയ് 11-ന് പുറത്തുവന്ന വാർത്ത പട്നയെ നടുക്കി. മെയ് 8-ന് പുലർച്ചെ ബോബി മരിച്ചു. മരിച്ച് വെറും നാല് മണിക്കൂറിനുള്ളിൽ തന്നെ ആരും അറിയാതെ മൃതദേഹം ഒരു ക്രിസ്ത്യൻ സെമിത്തേരിയിൽ അടക്കം ചെയ്തു. മരണം വരെ ഹിന്ദു വിശ്വാസിയായിരുന്ന ബോബി പെട്ടെന്ന് മതം മാറി ക്രിസ്ത്യാനിയായി എന്ന് പറഞ്ഞാണ് ഈ തിടുക്കത്തിലുള്ള ശവസംസ്കാരം നടന്നത്.
എസ്.എസ്.പി. കിഷോർ കുനാൽ ഈ കേസ് അന്വേഷിക്കാൻ തീരുമാനിച്ചു. പോലീസിൽ ഒരു പരാതി പോലുമില്ലാത്ത, എന്നാൽ വലിയ നിഗൂഢതകൾ ഒളിപ്പിച്ച ഒരു കേസ്. അദ്ദേഹം രാജേശ്വരി ദാസിനെ പോയി കണ്ടു. മകൾ മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് അവർ പറഞ്ഞത്. എന്നാൽ അന്വേഷണത്തിനിടയിൽ കിഷോർ കുനാലിനെ അമ്പരപ്പിച്ചുകൊണ്ട് രണ്ട് വ്യത്യസ്ത പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പുറത്തുവന്നു. ഒന്ന് ഹൃദയാഘാതമെന്നും മറ്റൊന്ന് ആന്തരിക രക്തസ്രാവമെന്നും പറഞ്ഞു.
സത്യം കണ്ടെത്താൻ ബോബിയുടെ മൃതദേഹം പുറത്തെടുത്ത് റീ-പോസ്റ്റ്‌മോർട്ടം നടത്തി. ഒടുവിൽ ഞെട്ടിക്കുന്ന ആ സത്യം പുറത്തുവന്നു: ബോബി മരിച്ചത് ‘മലാത്തിയോൺ’ എന്ന വിഷം ഉള്ളിൽ ചെന്നാണ്! ഇതൊരു കൊലപാതകമാണെന്ന് ഉറപ്പിച്ചതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
അന്ന് രാത്രി ബോബിയെ കാണാൻ രഘുഭർ ച എന്നൊരാൾ വന്നിരുന്നതായി ബോബിയുടെ വീടിനടുത്തുള്ള ഔട്ട്ഹൗസിലെ യുവാക്കൾ മൊഴി നൽകി. പ്രമുഖ നേതാവ് രാധാനന്ദൻ ഝായുടെ മകനായിരുന്നു അയാൾ. ഈ വാർത്ത പുറത്തുവന്നതോടെ ബീഹാർ രാഷ്ട്രീയം ആകെ ഇളകി. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രമുഖർ ഒരുപോലെ ഭയന്നു. കേസ് അന്വേഷണം സി.ബി.ഐക്ക് വിടാൻ അവർ സമ്മർദ്ദം ചെലുത്തി.
ഒടുവിൽ അന്നത്തെ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയ്ക്ക് കേസ് സി.ബി.ഐക്ക് വിടേണ്ടി വന്നു. എന്നാൽ അന്വേഷണം നടത്തിയ സി.ബി.ഐ, പട്നയിൽ വരാതെ ഡൽഹിയിൽ ഇരുന്ന് മറ്റൊരു കഥ മെനഞ്ഞെടുത്തു. ബോബി ആത്മഹത്യ ചെയ്തതാണെന്നും, ഒരു കാമുകനുമായുള്ള വിവാഹം നടക്കാത്തതിലുള്ള വിഷമമാണ് കാരണമെന്നും അവർ വിധിയെഴുതി. ഒരു കള്ളക്കത്തും തെളിവായി അവർ ഹാജരാക്കി.
ഫോറൻസിക് റിപ്പോർട്ടുകൾ സി.ബി.ഐയുടെ വാദത്തെ തള്ളിക്കളഞ്ഞെങ്കിലും, കോടതി സി.ബി.ഐ റിപ്പോർട്ട് ശരിവെച്ചു. അധികാരത്തിന്റെ ഉന്നതങ്ങളിൽ ഇരിക്കുന്നവരെ സംരക്ഷിക്കാൻ ബോബിയുടെ മരണം ഒരു ആത്മഹത്യയായി എഴുതിത്തള്ളപ്പെട്ടു. ഏതാനും മാസങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിക്ക് രാജി വെക്കേണ്ടി വന്നെങ്കിലും, ആ സുന്ദരിയുടെ മരണത്തിന് പിന്നിലെ യഥാർത്ഥ പ്രതികൾ ഇന്നും അജ്ഞാതരായി തുടരുന്നു.
















