ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. കെഎസ്‌യു ആരോഗ്യമന്ത്രിയെ ആക്രമിച്ചു എന്ന പച്ചക്കള്ളം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കള്‍ പ്രചരിപ്പിക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. ഇതിന്റെ പേരില്‍ സംസ്ഥാനത്താകെ സിപിഐഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
വീണാ ജോര്‍ജിന്റെ അടുത്ത് പോലും പ്രതിഷേധക്കാര്‍ എത്തിയിട്ടില്ലെന്ന് എല്ലാവര്‍ക്കുമറിയാം. നാലോ അഞ്ചോ പ്രതിഷേധക്കാരാണ് ആകെ ഉണ്ടായിരുന്നത്. അവരെ അപ്പോള്‍ തന്നെ പൊലീസ് കൊണ്ടുപോവുകയും ചെയ്തു. അവിടെ പിടിവലിയുണ്ടായത് പൊലീസും വീണാ ജോര്‍ജും തമ്മിലാണ്. ഇതിന്റെയെല്ലാം തെളിവുകളുണ്ട്. ആരോഗ്യമന്ത്രി അടുത്ത പ്ലാറ്റ്‌ഫോം വരെ ഒരു കുഴപ്പവുമില്ലാതെ നടന്നു പോയി. അവിടെ ചെന്ന് സ്പീക്കറുമായി കൂടിയാലോചിച്ചാണ് ഇത്തരത്തില്‍ ഒരു പദ്ധതിയുണ്ടാക്കിയതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേർത്തു.
എം വി ഗോവിന്ദനെ പോലെ പച്ചക്കള്ളം പറയുന്ന മറ്റാരുമില്ല. കെഎസ്‌യു പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിയുടെ പെടലി തിരിച്ചു എന്ന പച്ചക്കള്ളമാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്. അണികളെ പ്രകോപിപ്പിക്കാനാണ് ഇത്തരം കള്ളങ്ങള്‍ പറയുന്നത്. പ്രകോപിതയായ ആരോഗ്യമന്ത്രിയെ തടുത്ത് നിര്‍ത്തുന്നത് പൊലീസുകാരാണെന്ന് ദൃശ്യങ്ങള്‍ കണ്ടാല്‍ മനസിലാകും. പാര്‍ട്ടി സെക്രട്ടറി പച്ചയ്ക്ക് കള്ളം പറയുന്നത് കേട്ട് ഞെട്ടിപ്പോയി. ആ പദവിയിലിരിക്കാന്‍ പോലും അദ്ദേഹം അര്‍ഹനല്ലെന്നും വി ഡി സതീശന്‍ ആരോപിച്ചു.
















