സംസ്ഥാനത്തെ എൽഡിഎഫ് മന്ത്രിമാർക്കും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷമായ പരിഹാസവും വിമർശനവുമായി പി.വി. അൻവർ എം.എൽ.എ. ആരോഗ്യമന്ത്രി വീണാ ജോർജ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കാട്ടിയത് വെറും നാടകമാണെന്നും മന്ത്രിമാരെല്ലാം അഭിനയ പരിശീലനം ലഭിച്ചവരെപ്പോലെയാണ് പെരുമാറുന്നതെന്നും അൻവർ കുറ്റപ്പെടുത്തി. സത്യം പറഞ്ഞ് ജയിക്കാൻ കഴിയില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ഇടതുപക്ഷം ഇത്തരം നാടകങ്ങൾ ആസൂത്രണം ചെയ്യുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആരോഗ്യമന്ത്രിയുടേത് ‘നടികർ തിലകം’ മോഡൽ അഭിനയമാണെന്നാണ് അൻവറിന്റെ പരിഹാസം. കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ അടുത്തുപോലും എത്തിയിട്ടില്ലെന്നും എല്ലാം മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. എവിടെയെങ്കിലും സമരങ്ങളോ മുദ്രാവാക്യങ്ങളോ ഉണ്ടായാൽ ഉടൻ തന്നെ കരഞ്ഞുകൊണ്ട് നാടകം കളിക്കാനാണ് മന്ത്രിമാർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അൻവർ കടുത്ത ഭാഷയിൽ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ സിനിമാ പ്രവർത്തകരെ കൂട്ടി ഷൂട്ടിംഗ് നടക്കുകയാണെന്നും ഇപ്പോൾ സംസ്ഥാനത്ത് കണ്ടുകൊണ്ടിരിക്കുന്നത് നാടകത്തിന്റെ അവസാന റിഹേഴ്സലുകൾ ആണെന്നും അദ്ദേഹം പറഞ്ഞു. “അയ്യോ എന്നെ കൊന്നേ, എന്നെ ഉപദ്രവിച്ചേ” എന്ന് വിളിച്ച് കരയുക എന്നതല്ലാതെ മറ്റൊരു മാർഗ്ഗവും സർക്കാരിന് മുന്നിലില്ലെന്നും അൻവർ പരിഹസിച്ചു.
















