ഏഴുവയസ്സുകാരിയെ ചുംബിച്ചതിന് സ്വയം പ്രഖ്യാപിത ആൾദൈവത്തിനെതിരെ പോക്സോ കേസ്. കർണാടകയിലെ യാദ്ഗിർ ജില്ലയിലുള്ള 26 കാരനായ മല്ലികാർജുന മുത്യയ്ക്ക് എതിരെയാണ് കേസെടുത്തത്.
കുഞ്ഞിനോട് മോശമായി പെരുമാറുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി.
മഹാരാഷ്ട്രയിലെ സോലാപ്പുരിൽ നിന്ന് മാതാപിതാക്കളോടൊപ്പം ഷാപുരിലെ മുത്യയുടെ ആശ്രമം സന്ദർശിക്കാനെത്തിയതായിരുന്നു പെൺകുട്ടി.
അതിനിടെ കുട്ടിയെ മുത്യ മടിയിലിരുത്തി ബലമായി ചുംബിക്കുകയായിരുന്നു. കുട്ടിയുടെ പിതാവ് തന്നെയാണ് വിഡിയോ പകർത്തിയതും സമൂഹമാധ്യമത്തിൽ പങ്കുവച്ചതും.ദൃശ്യങ്ങൾ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു.
വിഡിയോ ശ്രദ്ധയിൽപ്പെട്ട കർണാടക ബാലാവകാശ കമ്മിഷൻ സ്വമേധയാ വിഷയത്തിൽ ഇടപെടുകയും അന്വേഷിക്കാൻ പൊലീസിന് നിർദേശം നൽകുകയുമായിരുന്നു.
കുട്ടി ഭയക്കുന്നതും അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.
















