സിപിഎം നടത്തുന്ന അക്രമങ്ങളെയും വ്യാജപ്രചാരണങ്ങളെയും ശക്തമായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബെറിയുന്നതും പ്രവർത്തകരെ വേട്ടയാടുന്നതും അംഗീകരിക്കാനാവില്ലെന്നും ഇതിന് ജനം തിരിച്ചടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മന്ത്രി വീണാ ജോർജ് പരിഹാസപാത്രമായി മാറിയിരിക്കുകയാണെന്നും മന്ത്രിയെ ആക്രമിച്ചു എന്നത് പച്ചക്കള്ളമാണെന്നും സതീശൻ ആരോപിച്ചു. ആശുപത്രിയിൽ കിടക്കേണ്ട യാതൊരു സാഹചര്യവും മന്ത്രിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു ബുദ്ധിജീവിയായ വനിതാ നേതാവിന്റെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ഉയർന്ന മുദ്രാവാക്യങ്ങൾ കേരളം മറക്കില്ലെന്നും അവരുടെ യഥാർത്ഥ സംസ്കാരമാണ് ഇതിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമായ അവകാശമാണെന്ന് വ്യക്തമാക്കിയ സതീശൻ, ആർക്കെതിരെയും പ്രതിഷേധം നടത്താൻ എല്ലാവർക്കും അവകാശമുണ്ടെന്നും കൂട്ടിച്ചേർത്തു.
തീക്കൊള്ളികൊണ്ട് തല ചൊറിയാൻ സിപിഎം ശ്രമിക്കരുതെന്നും അക്രമ രാഷ്ട്രീയത്തെ കോൺഗ്രസ് കരുത്തോടെ നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
















