ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ സ്വീകരിച്ചുപോന്ന മുൻനിലപാടുകളിൽ നിന്ന് നാടകീയമായി പിൻവാങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രത്തിലെ കാലാകാലങ്ങളായുള്ള ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും സംരക്ഷിക്കപ്പെടണമെന്നും യുവതി പ്രവേശന വിധിയെ നിയമപരമായി എതിർക്കുമെന്നും ബോർഡ് വ്യക്തമാക്കി. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന നിർണായക യോഗത്തിന് ശേഷമാണ് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ നിലപാട് പ്രഖ്യാപിച്ചത്.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലുള്ള ആചാരങ്ങൾ മാറ്റമില്ലാതെ തുടരണമെന്നാണ് ബോർഡിന്റെ ഇപ്പോഴത്തെ അഭിപ്രായമെന്ന് പ്രസിഡന്റ് കെ. ജയകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. “ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുക എന്ന പ്രാഥമിക ഉത്തരവാദിത്തം നിറവേറ്റാനാണ് ദേവസ്വം ബോർഡ് രൂപീകരിച്ചിട്ടുള്ളത്. അതിനാൽ തന്നെ പാരമ്പര്യ വിശ്വാസങ്ങൾക്കൊപ്പം നിൽക്കുക എന്നത് ബോർഡിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്,” അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതിയിൽ ബോർഡിന്റെ ഈ പുതിയ നിലപാട് കൃത്യമായി അറിയിക്കാൻ ബന്ധപ്പെട്ട അഭിഭാഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നേരത്തെ യുവതി പ്രവേശനത്തെ അനുകൂലിച്ചും വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്ന ബോർഡ്, ഇപ്പോൾ പൂർണ്ണമായും വിശ്വാസികൾക്കൊപ്പം നിൽക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. മാർച്ച് 15-നകം കേസിൽ കക്ഷികളായ എല്ലാവരും തങ്ങളുടെ അന്തിമ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബോർഡ് അടിയന്തര യോഗം ചേർന്ന് സുപ്രീം കോടതി വിധിയെ എതിർക്കാൻ തീരുമാനമെടുത്തത്.
















