ആണവ ചർച്ചകൾ പുനരാരംഭിക്കാൻ ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചു എന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകളെയും ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെയും തള്ളി ഇറാൻ ദേശീയ സെക്യൂരിറ്റി കൗൺസിൽ. അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും തയ്യാറല്ലെന്ന് കൗൺസിൽ സെക്രട്ടറി അലി ലാരിജാനി വ്യക്തമാക്കി. യുദ്ധം അവസാനിച്ചിട്ടില്ലെന്നും വാഷിംഗ്ടണുമായി ഇനി ചർച്ചകളുടെ പ്രസക്തിയില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ, ഒമാനി മധ്യസ്ഥർ മുഖേന ലാരിജാനി ചർച്ചകൾക്കായി സമ്മർദം ചെലുത്തിയെന്ന് ‘വാൾസ്ട്രീറ്റ് ജേണൽ’ ഉൾപ്പെടെയുള്ള യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ലാരിജാനി എക്സിലൂടെ (ട്വിറ്റർ) വ്യക്തമാക്കി. ഭ്രമാത്മകമായ സങ്കൽപ്പങ്ങളിലൂടെ ട്രംപ് പശ്ചിമേഷ്യയെ കടുത്ത അരാജകത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ട്രംപിന്റെ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ലാരിജാനി ഉയർത്തിയത്. “ട്രംപ് തന്റെ പ്രശസ്തമായ ‘അമേരിക്ക ഫസ്റ്റ്’ എന്ന മുദ്രാവാക്യത്തെ ‘ഇസ്രായേൽ ഫസ്റ്റ്’ എന്നാക്കി മാറ്റിയിരിക്കുന്നു. ഇസ്രായേലിന്റെ അധികാരമോഹങ്ങൾക്കായി അമേരിക്കൻ സൈനികരെ അദ്ദേഹം ബലികൊടുക്കുകയാണ്. കൂടുതൽ സൈനികർ കൊല്ലപ്പെടുമെന്ന ഭയമാണ് ഇപ്പോൾ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ,” ലാരിജാനി കുറിച്ചു.
ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് അമേരിക്കൻ സൈനികരും അവരുടെ കുടുംബങ്ങളും വലിയ വില നൽകേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ സ്വയം പ്രതിരോധിക്കുന്നത് തുടരുമെന്നും ലാരിജാനി വ്യക്തമാക്കി. ഇതിന് പിന്നാലെ മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണം ഇറാൻ ശക്തമാക്കിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
















