പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കും വ്യാപിക്കുകയാണ്. ശ്രീലങ്കൻ തീരത്തെ ഇറാൻ കപ്പലിന് നേരെ യുഎസ് മുങ്ങിക്കപ്പൽ നടത്തിയ ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടു. ഐറിസ് ദേന എന്ന ഇറാൻ്റെ ഈ യുദ്ധ കപ്പൽ ആഴ്ചകൾക്ക് മുമ്പ് ഇന്ത്യയിൽ നാവിക അഭ്യാസപ്രകടനത്തിൽ പങ്കുചേർന്നിരുന്നു.
ഇന്ന് ഇന്ത്യയിൽ നിന്ന് മടങ്ങുന്നതിന് ഇടയിലാണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. 2024ലും ഈ ഇറാനിയൻ കപ്പൽ ഇന്ത്യയിൽ ബഹുരാഷ്ട്ര നാവിക അഭ്യാസ പ്രകടനത്തിനായി എത്തിയിരുന്നു.
ഇറാനിയൻ കപ്പൽ ആക്രമിച്ചത് യുഎസ് സബ് മറൈൻ തന്നെയാണെന്ന് അമേരിക്കൻ ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചിരുന്നു. ടോർപിഡോ ഉപയോഗിച്ച് കപ്പൽ മുക്കിയെന്നാണ് വെളിപ്പെടുത്തൽ.
ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയുടെ ആഗോള വ്യാപ്തിയുടെ തെളിവാണ് ഇതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. എന്നാൽ ഈ അപകടത്തിലെ മരണ സംഖ്യ എത്രയാണെന്ന് യുഎസ് വെളിപ്പെടുത്തിയില്ല. ആക്രമണ ദൃശ്യങ്ങൾ യുഎസ് പുറത്തുവിട്ടിരുന്നു.
















