പപശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് കുടുങ്ങിപ്പോയ സ്വാസിക കഴിഞ്ഞ ദിവസമാണ് അബുദാബിയില്‍ നിന്നും തിരിച്ചെത്തിയത്. അബുദാബിയില്‍ കുടുങ്ങിപ്പോയ സാഹചര്യത്തെക്കുറിച്ച് നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സ്വാസിക പങ്കുവെച്ചിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം ഇംഗ്ലീഷ് മാധ്യമങ്ങളോട് സ്വാസിക സംസാരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയായിരുന്നു. പിന്നീട് വീഡിയോയ്ക്കു താഴെ സ്വാസികയുടെ ഇംഗ്ലീഷിനെ പലരും പരിഹസിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
”എന്നോട് ഇംഗ്ലീഷിൽ പറയാൻ പറഞ്ഞു. എനിക്കു പറ്റുന്നതുപോലെ ഞാൻ പറഞ്ഞു. എനിക്കു ഇംഗ്ലീഷ് അറിയില്ല എന്നു ഞാൻ എല്ലാ അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പിന്നെ നിങ്ങൾക്ക് കളിയാക്കാൻ ഉള്ള ഫ്രീഡം ഉണ്ട്. എനിക്കു പറ്റിയ തെറ്റുകൾ ഞാൻ അംഗീകരിക്കുന്നു”, എന്നാണ് സ്വാസിക കമന്റ് ചെയ്തത്. ഇതിനു താഴെ സ്വാസികയെ പിന്തുണച്ചും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. ”ഇതിൽ എവിടെയാ കുറവ് പൊളിയല്ലേ”, എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ”സ്വാസിക നന്നായി സംസാരിച്ചു, നെഗറ്റീവുകൾ കാര്യമാക്കണ്ട”, എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. ഭാഷ പ്രധാനമായും ആശയവിനിമയത്തിനാണ് ഉപയോഗിക്കുന്നതെന്നും അതിനപ്പുറമുള്ളതൊന്നും പ്രധാനമല്ലെന്നും ചിലർ പറയുന്നു.
















