ഇറാനെതിരായ സൈനിക നീക്കത്തിൽ വിട്ടുനിൽക്കുന്ന ബ്രിട്ടനെതിരെ ആഞ്ഞടിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധത്തിൽ പങ്കാളിയാകാത്ത ബ്രിട്ടന്റെ നിലപാടിൽ ട്രംപ് പരസ്യമായി നീരസം പ്രകടിപ്പിച്ചു. ഇനി യുദ്ധക്കപ്പലുകൾ അയക്കേണ്ട ആവശ്യമില്ല. യുദ്ധം ജയിച്ചുകഴിയുമ്പോൾ കൂടെക്കൂടാൻ വരേണ്ടതില്ലെന്നും ബ്രിട്ടന്റെ ഈ നീക്കം മറക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇറാന്റെ സമ്പൂർണ്ണ നാശമാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയ ട്രംപ്, ഇതുവരെ ആക്രമിക്കാൻ ആലോചിക്കാത്ത തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ ഇനി ലക്ഷ്യമിടുമെന്ന് പ്രഖ്യാപിച്ചു.
മിഡിൽ ഈസ്റ്റിൽ ഇറാൻ തോൽവി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പൂർണ്ണമായി കീഴ്പ്പെടണമെന്നുമാണ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറയുന്നത്.
അതേസമയം പശ്ചിമേഷ്യൻ യുദ്ധം അതിന്റെ ഏറ്റവും ഭീകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ഇറാനിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.
















