പയ്യന്നൂരിൽ സിപിഎം വിട്ടുപുറത്തുവന്ന വി. കുഞ്ഞികൃഷ്ണന് പിന്തുണ നൽകാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ആലോചനകൾക്കെതിരെ യൂത്ത് കോൺഗ്രസ് ശക്തമായ പടയൊരുക്കം തുടങ്ങി. പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ സിപിഎം വിമതരെ കൂട്ടുപിടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുമ്പോൾ, അതിനെ തെരുവിൽ നേരിടുമെന്ന സൂചനയാണ് യൂത്ത് കോൺഗ്രസ് നൽകുന്നത്. വി. കുഞ്ഞികൃഷ്ണനെ പോലുള്ളവർ സ്ഥാനാർത്ഥിയായാൽ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് സംഘടന വ്യക്തമാക്കി.
യൂത്ത് കോൺഗ്രസ് പയ്യന്നൂർ നിയോജകമണ്ഡലം കൺവെൻഷനിലാണ് നേതൃത്വത്തിനെതിരെയുള്ള പ്രതിഷേധം പരസ്യമായത്. കോൺഗ്രസ് പ്രവർത്തകരെ വർഷങ്ങളോളം വേട്ടയാടുകയും ആക്രമിക്കുകയും ചെയ്ത സി.പി.എം പശ്ചാത്തലമുള്ളവരെ പെട്ടെന്നൊരു ദിവസം വിശുദ്ധരായി പ്രഖ്യാപിക്കാനാകില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജംഷീർ പള്ളിവയൽ പറഞ്ഞു. സ്വന്തം പാർട്ടിയുടെ കൊടിയും ചിഹ്നവും ഉയർത്തിപ്പിടിക്കാൻ കെൽപ്പുള്ള സ്ഥാനാർത്ഥി പയ്യന്നൂരിൽ വേണമെന്നാണ് ഇവരുടെ ആവശ്യം.
സിപിഎമ്മിലെ വിഭാഗീയതയും ഫണ്ട് വിവാദവും മുതലെടുത്ത് വിമത സ്ഥാനാർത്ഥിയെ പിന്തുണയ്ക്കാമെന്നായിരുന്നു കോൺഗ്രസിലെ ഒരു വിഭാഗം കണക്കുകൂട്ടിയിരുന്നത്. എന്നാൽ, താഴേത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം കണക്കിലെടുക്കാതെയുള്ള ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകൾ തിരിച്ചടിയാകുമെന്ന് യുവജനവിഭാഗം മുന്നറിയിപ്പ് നൽകുന്നു. നാളെ സിപിഎം വിമതർ തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനിരിക്കെ, കോൺഗ്രസ് ക്യാമ്പിലെ ഈ ആഭ്യന്തര കലഹം യുഡിഎഫ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്
















