ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ പാചകവാതക സിലിണ്ടറിനും ഇന്ധനത്തിനും ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. വാണിജ്യ സിലിണ്ടറിന്റെ ക്ഷാമം മൂലം ബിഹാര്‍, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹോട്ടലുകള്‍ പ്രതിസന്ധിയിലായതായി ഹോട്ടല്‍സ് ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ആരോപിച്ചു. എന്നാല്‍ പെട്രോള്‍ പമ്പുകളും ഗ്യാസ് സ്റ്റേഷനുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായും രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
എല്‍പിജി സിലിണ്ടര്‍ വിതരണത്തില്‍ എന്തെങ്കിലും തടസ്സം ഉണ്ടായാല്‍ റെസ്റ്റോറന്റുകള്‍ വ്യാപകമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കി. വാണിജ്യ എല്‍പിജിയുടെ ക്ഷാമം കാരണം ബുധനാഴ്ച മുതല്‍ നഗരത്തിലെ പല റെസ്റ്റോറന്റുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് ബംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍ അറിയിച്ചു.
















