ഉണ്ണികൃഷ്ണൻ പോറ്റി പരാതി നൽകിയതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തി എല്ലാവർക്കും സുപരിചിതനായ ആളാണെന്നും ആരാണെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ. പരാതിക്ക് പിന്നിലെ കാരണം എന്താണെന്ന് അറിയാൻ പോറ്റിയോട് തന്നെ ചോദിക്കേണ്ടിവരുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നും തെരഞ്ഞെടുപ്പിൽ തനിക്കും ഇടതുപക്ഷത്തിനും മുൻകൈയുള്ളതിനാൽ തന്നെ അപമാനിക്കാൻ നടത്തുന്ന നീക്കമാണിതെന്നും അദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു കടകംപള്ളി സുരേന്ദ്രൻ്റെ പ്രതികരണം.
ഇന്നലെ പ്രതികരിക്കാതിരുന്നത് പ്രതിഭ എന്ന വ്യക്തി ആരാണെന്ന് വ്യക്തമാകാത്തതിനാലാണ്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സ്കൂൾ നടത്തുന്ന ആളാണ് പ്രതിഭ എന്നറിഞ്ഞത്. തന്റെ നിയോജകമണ്ഡലത്തിൽ ഉള്ള ഒരു സ്കൂൾ നടത്തിയിരുന്ന വ്യക്തിയാണ് പ്രതിഭ. ഇവർക്ക് സാമ്പത്തിക പ്രതിസന്ധി ഉള്ളതായി കേട്ടിട്ടുണ്ട്. ചില ആളുകൾ അക്കാര്യം പറഞ്ഞ് സമീപിച്ചിരുന്നു. അന്ന് പാർട്ടി നേതാക്കളെ കാണാനാണ് പറഞ്ഞത്. അങ്ങനെ ഒരു സ്ത്രീയുടെ സാമ്പത്തിക വിഷയത്തിൽ തനിക്ക് ബന്ധമില്ല. പിന്നെ എന്തിനാണ് പോറ്റി തനിക്കെതിരെ പരാതി നൽകിയതെന്നും അറിയില്ല. ആകെ അറിയാവുന്നത് യു പ്രതിഭയെ മാത്രമാണെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതിക്ക് പിന്നിൽ പ്രത്യേക ലക്ഷ്യമുണ്ട്. രണ്ടാഴ്ചയ്ക്കുശേഷം എല്ലാം വ്യക്തമാകും. തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നിരിക്കെയാണ് ആരോപണങ്ങളെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മാധ്യമങ്ങൾക്ക് നേരെയും കടകംപള്ളി സുരേന്ദ്രൻ വിമർശനമുന്നയിച്ചു. മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നതിന് മുൻപ് അന്വേഷിക്കാമായിരുന്നുവെന്ന് കടകംപള്ളി കുറ്റപ്പെടുത്തി. എന്തിനാണ് ഇത്തരത്തിൽ കരിവാരി തേക്കുന്നത്? പരാതിയുമായി ബന്ധപ്പെട്ട് തുമ്പ പൊലീസിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചെന്നും അദേഹം കൂട്ടിച്ചേർത്തു.
















