തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങളുമായി സിബിഐ. തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിനെ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഇന്ന് ചോദ്യം ചെയ്തു. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തവുമായി ബന്ധപ്പെട്ടാണ് ഈ നടപടി.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിജയിന്റെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കും തിരക്കും 41 പേരുടെ ജീവനെടുത്ത സംഭവത്തിലാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നത്. ഇന്ന് രാവിലെ 10:30 ഓടെയാണ് വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായത്. ദുരന്തവുമായി ബന്ധപ്പെട്ട് ഇത് മൂന്നാം തവണയാണ് അദ്ദേഹം കേന്ദ്ര ഏജൻസിക്ക് മുൻപാകെ എത്തുന്നത്. നേരത്തെ ജനുവരിയിൽ രണ്ട് തവണ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
മാർച്ച് 10-ന് ഹാജരാകാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും, തിരഞ്ഞെടുപ്പ് തിരക്കുകൾ ചൂണ്ടിക്കാട്ടി വിജയ് അസൗകര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനിരിക്കെ, തമിഴകത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയായി മാറാൻ ശ്രമിക്കുന്ന ടിവികെക്ക് ഈ സിബിഐ നീക്കം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ക്രമീകരണങ്ങളിലെ വീഴ്ചയും ആൾക്കൂട്ട നിയന്ത്രണത്തിലെ പാളിച്ചകളുമാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്.
















