തെലങ്കാനയിലെ മൊയ്‌നാബാദിൽ ബി.ആർ.എസ് എം.എൽ.എ രോഹിത് റെഡ്ഡിയുടെ ഫാം ഹൗസിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ ലഹരിമരുന്ന് ശേഖരം പിടികൂടി. ശനിയാഴ്ച രാത്രി നടന്ന റെയ്ഡിനിടെ പോലീസിന് നേരെ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുകളുണ്ട്. രാഷ്ട്രീയ നേതാക്കളടക്കം പത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മൊയ്‌നാബാദിലെ ഫാം ഹൗസിൽ ലഹരി പാർട്ടികൾ നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നാണ് തെലങ്കാന പോലീസിന്റെ പ്രത്യേക വിഭാഗമായ ‘ഈഗിൾ ടീമും’ മൊയ്‌നാബാദ് പോലീസും സംയുക്തമായി പരിശോധന നടത്തിയത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ ആരംഭിച്ച റെയ്ഡിൽ, ഏകദേശം രണ്ട് ഗ്രാം കൊക്കെയ്ൻ പോലീസ് കണ്ടെടുത്തു. വൻതോതിൽ ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവുകളും സ്ഥലത്തുനിന്ന് ലഭിച്ചിട്ടുണ്ട്.
പരിശോധനയ്ക്കായി എത്തിയ ഉദ്യോഗസ്ഥരെ ഫാം ഹൗസിലെ സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് കാരണമായി. ഇതിനിടെ പാർട്ടിയിൽ പങ്കെടുത്ത ഡൽഹിയിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് വ്യാപാരി നമിത് ശർമ്മ പോലീസിന് നേരെ വെടിയുതിർത്തത് വലിയ പരിഭ്രാന്തി പരത്തി. എം.എൽ.എയുടെ സഹോദരൻ ശ്രദ്ധേഷ് റെഡിയുടെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് നമിത് ശർമ്മ വെടിവെച്ചത്. ഭാഗ്യവശാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
















