മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് ഇന്ന് തെന്നിന്ത്യയിലും ബോളിവുഡിലെല്ലാം സാന്നിധ്യം അറിയിച്ച നടിയാണ് നിമിഷ സജയന്‍. മലയാളത്തേക്കാളും മറ്റ് ഭാഷകളിലാണ് നിമിഷ ഇപ്പോള്‍ കൂടുതല്‍ സജീവം. 2023 ല്‍ പുറത്തിറങ്ങിയ അദൃശ്യ ജാലകങ്ങള്‍ ആണ് നിമിഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.
”മലയാളത്തില്‍ ഏഴ് വര്‍ഷം അഭിനയിച്ചുവെങ്കിലും ഡിഎന്‍എയിലെ ദിവ്യയെപ്പോലൊരു കഥാപാത്രം ഇപ്പോഴാണ് കിട്ടിയത്. അതുപോലെ തന്നെ ജിഗര്‍തണ്ട ഡബിള്‍ എക്‌സ് എന്ന സിനിമയിലെ മലയരശി എന്ന കഥാപാത്രവും തമിഴില്‍ നിന്നുമാണ് കിട്ടിയത്. തുടര്‍ച്ചയായി തമിഴില്‍ അഭിനയിക്കുന്നതു കൊണ്ട് മലയാളത്തില്‍ സിനിമ ചെയ്യാന്‍ എനിക്ക് കഴിഞ്ഞില്ല.” താരം പറയുന്നു. തമിഴില്‍ സജീവ് പാഴൂര്‍ സംവിധാനം ചെയ്ത എന്നവിലൈ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അതിനെ തുടര്‍ന്ന് മറ്റൊരു പ്രൊജക്ടിലും അഭിനയിക്കുന്നുണ്ട്.
തമിഴില്‍ ഞാന്‍ അഭിനയിച്ച നാല് സിനിമകളും നല്ല സിനിമകള്‍ തന്നെയാണ്. എല്ലാ സംവിധായകര്‍ക്കൊപ്പവും വീണ്ടും പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. തമിഴില്‍ മാത്രമല്ല, മലയാളത്തിലും. തമിഴില്‍ പാ രഞ്ജിത്ത്, മാരി സെല്‍വരാജ് എന്നിവരുടെ സിനിമകളില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്.’ ഡിഎന്‍എയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. അതില്‍ താന്‍ സന്തുഷ്ടയാണെന്നും തന്റെ കഥാപാത്രവും സിനിമയും പ്രേക്ഷകരുമായി കണക്ട് ആകണമെന്ന് കരുതി തന്നെയാണ് ഓരോ സിനിമയും ചെയ്യുന്നതെന്നും നിമിഷ പറഞ്ഞു.
തമിഴില്‍ ആദ്യം അഭിനയിച്ച ചിത്തയ്ക്ക് മികച്ച സ്വീകരണം ലഭിച്ചതും നിമിഷ ഓര്‍ക്കുന്നുണ്ട്. ആ സന്തോഷം വിവരിക്കാന്‍ സാധിക്കില്ല. ചിത്ത എന്ന സിനിമ കാരണമാണ് തമിഴില്‍ തുടര്‍ച്ചയായി സിനിമകള്‍ ലഭിക്കുന്നതെന്നും നിമിഷ പറയുന്നു.
















