കുടുംബകലഹത്തെത്തുടർന്ന് ഭാര്യയെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനെ റെയിൽവേ പോലീസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശിയായ രാജ്കുമാറിനെ ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുളുണ്ട് റെയിൽവേ സ്റ്റേഷനിൽ മാർച്ച് 14-നായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. യുപി സ്വദേശിനിയായ പുഷ്പയാണ് കൊല്ലപ്പെട്ടത്.
സൈന്യത്തിൽ ജോലി ചെയ്യുന്ന പുഷ്പയുടെ സഹോദരൻ കമലേഷ് കുമാർ ഗുപ്ത നൽകിയ വിവരമനുസരിച്ച്, ദമ്പതികൾക്കിടയിൽ നിരന്തരമായി തർക്കങ്ങൾ നിലനിന്നിരുന്നു. സംഭവദിവസം പുലർച്ചെയും ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും പുഷ്പ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് സഹോദരിയെയും മക്കളെയും നാട്ടിലേക്ക് കൊണ്ടുപോകാനായി കമലേഷ് മുളുണ്ടിലെത്തി. എന്നാൽ യാത്രാമധ്യേ തന്റെ ആർമി ഐഡി കാർഡ് രാജകുമാറിന്റെ വീട്ടിൽ മറന്നുവെച്ച കാര്യം കമലേഷ് ഓർത്തതോടെയാണ് സംഭവങ്ങൾ നാടകീയമായി മാറിയത്.
കാർഡ് എടുക്കാനായി കമലേഷ് മരുമകനോടൊപ്പം വീട്ടിലേക്ക് തിരിച്ചുപോയ സമയം നോക്കി പ്രതി രാജ്കുമാർ ഇവരെ വീടിനുള്ളിലാക്കി പൂട്ടി. തുടർന്ന് വേഗത്തിൽ മുളുണ്ട് സ്റ്റേഷനിലെത്തിയ പ്രതി, ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്ന പുഷ്പയെ 13 വയസ്സുള്ള മകന്റെ മുന്നിൽ വെച്ച് അതിവേഗത്തിൽ വന്ന ലോക്കൽ ട്രെയിനിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി ഉടൻ തന്നെ സംഭവസ്ഥലത്ത് നിന്നും കടന്നുകളഞ്ഞു.
ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ പുഷ്പയെ റെയിൽവേ അധികൃതർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിനുള്ളിൽ അകപ്പെട്ട കമലേഷ് അയൽവാസികളുടെ സഹായത്തോടെയാണ് പുറത്തിറങ്ങിയത്. സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളിൽ കൊലപാതകത്തിന്റെ ഭീകരദൃശ്യങ്ങൾ പൂർണ്ണമായും പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ സൂറത്തിൽ നിന്ന് റെയിൽവേ പോലീസ് പിടികൂടിയത്.
















