നിയമപരമായ വിവാഹബന്ധം നിലനിൽക്കെ പങ്കാളി മറ്റൊരാളുമായി ഒരുമിച്ച് താമസിക്കുന്നത് ബഹുഭാര്യത്വമായി കണക്കാക്കാൻ സാധിക്കില്ലെന്ന് കർണാടക ഹൈക്കോടതി. ഔദ്യോഗികമായി വിവാഹം കഴിക്കാതെ കൂടെ താമസിക്കുന്നതിന്റെ പേരിൽ ഐ.പി.സി സെക്ഷൻ 494 പ്രകാരം ബഹുഭാര്യത്വത്തിന് കേസെടുക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ആർ. നടരാജ് വ്യക്തമാക്കി. മൈസൂരുവിലെ സിവിൽ കോടതി ഉത്തരവിനെതിരെ 73-കാരൻ നൽകിയ ഹർജി പരിഗണിച്ചായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.
തന്റെ ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം കഴിയുകയാണെന്നും ഇതിന് മക്കൾ പിന്തുണ നൽകുന്നുവെന്നും കാണിച്ച് ഒരു സ്ത്രീ നൽകിയ പരാതിയിലാണ് മൈസൂരുവിലെ കോടതി നേരത്തെ കേസെടുക്കാൻ ഉത്തരവിട്ടിരുന്നത്. ഇതിനെതിരെയാണ് പ്രതിയായ 73-കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഭർത്താവിനെയും അദ്ദേഹത്തിന്റെ ലീവ്-ഇൻ പങ്കാളിയെയും മക്കളെയും പ്രതികളാക്കിയാണ് ഭാര്യ പരാതി നൽകിയിരുന്നത്. ഈ കേസ് പൂർണ്ണമായും നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ട് ഹൈക്കോടതി റദ്ദാക്കി.
















