കലാലയ രാഷ്ട്രീയത്തിൽ നിന്ന് കേരളത്തിന്റെ അമരക്കാരനായി മാറിയ പിണറായി വിജയൻ തന്റെ ഏഴാം നിയമസഭാ പോരാട്ടത്തിന് പത്രിക സമർപ്പിച്ചിരിക്കുകയാണ്. വെറും ഇരുപത്തിയഞ്ചാം വയസ്സിൽ തുടങ്ങിയ രാഷ്ട്രീയം ഇപ്പോൾ എൺപത്തിയൊന്നാം വയസ്സിലും അതേ ആവേശത്തോടെ തുടരുകയാണ്. ആറു തവണയും ജനവിധി തനിക്ക് അനുകൂലമാക്കി, ഒരു കാൽനൂറ്റാണ്ടിലധികം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നട്ടെല്ലായി നിലകൊണ്ട വ്യക്തി. പ്രായം തളർത്താത്ത പോരാട്ടവീര്യവുമായി, ഒരിക്കൽ കൂടി ധർമ്മടത്തുനിന്ന് ജനവിധി തേടാൻ തയാറാകുകയാണ്.
കണ്ണൂരിലെ തലശ്ശേരി ബ്രണ്ണൻ കോളേജിലൂടെയാണ് പിണറായി വിജയൻ തന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. കെ.എസ്.എഫ് ( ഇപ്പോഴത്തെ എസ് എഫ് ഐ) പ്രവർത്തനങ്ങളിലൂടെ അദ്ദേഹം പൊതുരംഗത്ത് സജീവമായി. 1964-ൽ സി.പി.ഐ(എം) രൂപീകൃതമായ വർഷം തന്നെ പാർട്ടി അംഗമായ അദ്ദേഹം, അടിയന്തരാവസ്ഥക്കാലത്ത് നേരിട്ട ക്രൂരമായ പോലീസ് മർദ്ദനങ്ങളെയും ഒന്നരവർഷത്തെ ജയിൽവാസത്തെയും അതിജീവിച്ചു. 1977-ൽ ജയിൽ മോചിതനായ ശേഷം രക്തം പുരണ്ട ഷർട്ടുമായി നിയമസഭയിലെത്തി അദ്ദേഹം നടത്തിയ പ്രസംഗം ഇന്നും കേരള രാഷ്ട്രീയത്തിലെ ധീരമായ അധ്യായമാണ്.
1970-ൽ തന്റെ 25-ാം വയസ്സിൽ കൂത്തുപറമ്പിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തുമ്പോൾ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എ എന്ന റെക്കോർഡ് അദ്ദേഹത്തിനായിരുന്നു. ആറു പതിറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ജീവിതത്തിൽ 1970, 1977, 1991 വർഷങ്ങളിൽ കൂത്തുപറമ്പിൽ നിന്നും, 1996-ൽ പയ്യന്നൂരിൽ നിന്നും, 2016-ലും 2021-ലും ധർമ്മടത്തുനിന്നുമായി ഏഴു തവണ മത്സരിച്ചതിൽ ആറു തവണയും അദ്ദേഹം വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ചടയൻ ഗോവിന്ദന്റെ മരണത്തെ തുടർന്ന് 1998 മുതൽ 2015 വരെ നീണ്ട 17 വർഷം സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായി നയിച്ച്, പാർട്ടിയിൽ ഏറ്റവും കൂടുതൽ കാലം പദവിയിലിരുന്ന വ്യക്തിയായി.
1996-ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വൈദ്യുതി-സഹകരണ വകുപ്പ് മന്ത്രിയായി മികച്ച പ്രവർത്തനം കാഴ്ചവെച്ചാണ് അദ്ദേഹം ഭരണരംഗത്ത് തന്റെ മുദ്ര പതിപ്പിച്ചത്. പിന്നീട് 2016-ൽ കേരളത്തിന്റെ 12-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റു. 2021-ൽ ഭരണത്തുടർച്ച നേടി ചരിത്രം കുറിച്ച അദ്ദേഹം, അഞ്ച് വർഷം കാലാവധി തികച്ച് വീണ്ടും അധികാരത്തിലെത്തുന്ന ആദ്യ മുഖ്യമന്ത്രി എന്ന ഖ്യാതിയും നേടി. സി. അച്യുതമേനോന്റെ റെക്കോർഡ് മറികടന്ന് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി പദത്തിലിരുന്ന വ്യക്തി എന്ന ബഹുമതിയും ഇപ്പോൾ അദ്ദേഹത്തിന് സ്വന്തമാണ്.
2018-ലെ മഹാപ്രളയം, ഓഖി, നിപ്പ, കോവിഡ് മഹാമാരി തുടങ്ങിയ വലിയ പ്രതിസന്ധികളിൽ കേരളത്തെ തളരാതെ നയിച്ച ഭരണാധികാരി എന്ന നിലയിൽ ‘ഇരട്ടച്ചങ്കൻ’ എന്ന വിളിപ്പേര് അദ്ദേഹം നേടിയെടുത്തു. ‘ലൈഫ് മിഷൻ’ വഴി ലക്ഷക്കണക്കിന് ആളുകൾക്ക് വീട് നൽകിയതും, കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റിയതും, ഗെയിൽ പൈപ്പ് ലൈൻ പോലുള്ള വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കിയതും അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളാണ്. നിലവിൽ ആഭ്യന്തരം, വിജിലൻസ്, ഐ.ടി തുടങ്ങി സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന അദ്ദേഹം, ഏഴാം തവണയും ജനവിധി തേടുകയാണ്.
















