ഡോ. വന്ദനദാസ് കൊലക്കേസിലെ ശിക്ഷ സംബന്ധിച്ച വാദം പൂർത്തിയായി. വിധി 21ന് പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസം സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. നരഹത്യ, ഗുരുതരമായ മുറിവേൽപിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് പരിഗണിച്ച പ്രതി സന്ദീപിന് പരമാമധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ താൻ ചെയ്ത കുറ്റങ്ങൾ മനഃപൂർവ്വമല്ലെന്നും എന്ത് പ്രായശ്ചിത്തം ചെയ്യാനും താൻ തയ്യാറാണെന്നും പ്രതി സന്ദീപ് കോടതിയിൽ പറഞ്ഞു. കൂടാതെ പ്രായവും പ്രായമായ അമ്മയെ ശുശ്രൂഷിക്കേണ്ടയാളെന്നും കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് കൊടുക്കണമെന്നും അഭ്യർത്ഥിച്ചു.
എന്നാൽ സന്ദീപിന്റേത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ വാദങ്ങളാണെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. കോടതി നടപടികൾക്കിടെ മകൾ നേരിട്ട ക്രൂരതകളെക്കുറിച്ച് വിവരിക്കുന്നത് കേൾക്കവേ വന്ദനയുടെ മാതാപിതാക്കൾ കോടതിക്കുള്ളിൽ പൊട്ടിക്കരഞ്ഞു.
















