കൊച്ചിയിൽ പൊലീസിന്റെ നർകോട്ടിക് വിഭാഗം ചമഞ്ഞ് യുവാവിനെയും യുവതിയെയും ഭീഷണി പെടുത്തി പണവും സ്വർണവും തട്ടിയ മൂന്നു പേർ പിടിയിൽ. ചേർത്തല വയലാർ പീടികത്തറയിൽ അമൽ എൻ.കെ (26), എറണാകുളം പള്ളുരുത്തി കാട്ടത്തറ വീട്ടിൽ ഭവൻ (36), ഇടുക്കി പാറപ്പുഴ പുന്നക്കാട്ട് വീട്ടിൽ തോമസ് ചാക്കോ (30) എന്നിവരാണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്.
മാർച്ച് രണ്ടിന് വെളുപ്പിനെ നാലു മണിയോടെയായിരുന്നു സംഭവം. കലൂർ എസ്ആർഎം റോഡിലുള്ള ഹോട്ടലിൽ 24കാരനായ യുവാവും 22കാരിയായ യുവതിയും നാലു ദിവസമായി താമസിച്ചു വരികയായിരുന്നു. പുറത്തേക്കിറങ്ങിയ യുവാവിനെ പോലീസിന്റെ നർകോട്ടിക് വിഭാഗം ഓഫീസർ ആണെന്ന് പറഞ്ഞു റിസപ്ഷനിൽ വച്ച് സംഘം തടയുകയായിരുന്നു.
തുടർന്ന് യുവാവിനെ മൂന്നു പേരും ചേർന്ന് ബലമായി ഇവര്‍ താമസിച്ചിരുന്ന രണ്ടാം നിലയിലെ മുറിയിലേക്ക് കൊണ്ടുപോയി. ശേഷം യുവാവിനെയും യുവതിയേയും ബന്ദികളാക്കി. പിന്നീട് മുറി മുഴുവൻ പരിശോധിക്കുകയും മുറിയിൽ ഉണ്ടായിരുന്ന 5000 രൂപ, മുക്കാൽ പവന്റെ ബ്രെയ്സ്‍ലെറ്റ്, 55,000 രൂപയുടെ ഐഫോൺ എന്നിവ പ്രതികൾ കൈക്കലാക്കുകയായിരുന്നു.
ശേഷം പിറ്റേ ദിവസം വെളുപ്പിനെ ആറു മണിവരെ യുവതിയേയും യുവാവിനേയും ബന്ദിയാക്കി ഇരുത്തിയ ശേഷമാണ് പ്രതികൾ മടങ്ങിയത്. ഇരുവർക്കുംമർദനവും ഏറ്റിട്ടുണ്ട്. ഈ വിവരം പുറത്തു അറിയിച്ചാൽ കള്ളാ കേസിൽ കുടുക്കി ലോക്കപ്പിൽ ഇടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവാവും യുവതിയും പിന്നീട് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
















