2026 കേരള നിയമസഭാ പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാനായി സജ്ജമാക്കിയ സിവിജില്‍ (CVIGIL) സംവിധാനത്തിന് മികച്ച പ്രതികരണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ.രത്തന്‍ യു ഖേല്‍ക്കര്‍. മാര്‍ച്ച് 20-ലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്താകെ 4585 പരാതികളാണ് ഒറ്റദിവസം കൊണ്ട് ആപ്പിലൂടെ ലഭിച്ചത്. ഇതില്‍ 4528 പരാതികളും അതിവേഗം പരിശോധിച്ച് തീര്‍പ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ലയിംഗ് സ്‌ക്വാഡുകള്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും സാധിച്ചു.
ലഭിച്ച പരാതികളില്‍ നടപടി സ്വീകരിക്കാന്‍ എടുത്ത സംസ്ഥാനത്തെ ശരാശരി സമയം വെറും 10 മിനിറ്റും 45 സെക്കന്‍ഡും മാത്രമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള 100 മിനിറ്റ് എന്ന പരമാവധി സമയപരിധിക്കുള്ളില്‍ തന്നെ 4402 കേസുകള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചു. തീര്‍പ്പാക്കിയ പരാതികളില്‍ 4516 എണ്ണവും വസ്തുതാപരമായി ശരിയാണെന്ന് കണ്ടെത്തിയത് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ പൊതുജനങ്ങളുടെ ഉയര്‍ന്ന ജാഗ്രതയെയാണ് സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതല്‍ തീര്‍പ്പാക്കിയതില്‍ പരാതികള്‍ തിരുവനന്തപുരം ജില്ലയാണ് സംസ്ഥാനത്ത് ഒന്നാമതെത്തിയത്.
പണവിതരണം, മദ്യവിതരണം, അനധികൃത പോസ്റ്ററുകള്‍, വ്യാജവാര്‍ത്തകള്‍ തുടങ്ങിയ ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് സിവിജില്‍ ആപ്പിലൂടെ തത്സമയം ചിത്രങ്ങളോ വീഡിയോകളോ സഹിതം അജ്ഞാതരായും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. പരാതി ലഭിച്ചാലുടന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടപടി സ്വീകരിക്കുന്നതാണ് സുഗമവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്തിപ്പിന് പൊതുജനങ്ങളുടെയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളുടെയും സഹകരണം ഉണ്ടാവണം എന്നും ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
















